ദുബൈ: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചൽ ഒന്നാം സ്ഥാനത്തെത്തി. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ പിന്നിലാക്കിയാണ് മിച്ചലിന്‍റെ കുതിപ്പ്. ഏറ്റവും പുതിയ റാങ്കിങ്ങിൽ 845 പോയിന്‍റോടെയാണ് മിച്ചൽ ഒന്നാം സ്ഥാനത്തെത്തിയത്. 795 പോയിന്റാണ് വിരാട് കോഹ്‌ലിക്കുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 352 റൺസാണ് മിച്ചൽ അടിച്ചുകൂട്ടിയത്.
മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഒരു ന്യൂസിലൻഡ് താരത്തിന്‍റെ ഏറ്റവും ഉയർന്ന റൺ വേട്ടയാണിത്. പരമ്പരയിൽ രണ്ട് സെഞ്ച്വറികൾ മിച്ചൽ നേടി. 54 ഇന്നിങ്സുകളിൽനിന്ന് ഒമ്പത് ഏകദിന സെഞ്ച്വറികൾ തികച്ച മിച്ചൽ, ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ നാലാമത്തെ വേഗമേറിയ താരമായി മാറി. മിച്ചലിന്റെ കരുത്തിൽ ഏകദിന പരമ്പര 2-1നാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്. കഴിഞ്ഞ 37 വർഷത്തിനിടെ ഇന്ത്യൻ മണ്ണിൽ ന്യൂസിലൻഡ് നേടുന്ന ആദ്യ ഏകദിന പരമ്പര വിജയമാണിത്.
റാങ്കിങ്ങിൽ ഇന്ത്യയുടെ സീനിയർ താരം രോഹിത് ശർമ ഒരു സ്ഥാനം പിന്നോട്ട് പോയി നാലാം സ്ഥാനത്തെത്തി. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ് മൂന്നാമതുള്ളത്. ഇന്ദോറിൽ നടന്ന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ കിവീസ് താരം ഗ്ലെൻ ഫിലിപ്സ് റാങ്കിങ്ങിൽ 16 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20-ാം സ്ഥാനത്തെത്തി. ബൗളർമാരുടെ പട്ടികയിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ ഒന്നാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡിന്റെ മൈക്കൽ ബ്രേസ്വെൽ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33-ാം റാങ്കിലെത്തി.
രണ്ടാം തവണയാണ് ഡാരിൽ മിച്ചൽ ഐസിസി റാങ്കിങ്ങിൽ ഒന്നാമതെത്തുന്നത്. കഴിഞ്ഞ നവംബറിൽ താരം ഒന്നാം സ്ഥാനത്തെത്തിയിരുന്നെങ്കിലും മൂന്ന് ദിവസത്തിന് ശേഷം രോഹിത് ശർമ ആ സ്ഥാനം പിടിച്ചെടുത്തിരുന്നു. ഇത്തവണ വലിയ പോയിന്റ് വ്യത്യാസത്തിലാണ് മിച്ചൽ വിരാട് കോലിയെ പിന്നിലാക്കിയിരിക്കുന്നത്. ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. കെ.എൽ. രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം. ജൂൺ വരെ ഇന്ത്യക്കിനി ഏകദിന പരമ്പരകളില്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾക്ക് റാങ്കിങ് മെച്ചപ്പെടുത്താൻ ഇനി കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.