അവനുവേണ്ടി തിരക്കുകൂട്ടുന്നത് നല്ലതല്ല! സെലക്ടർമാർക്ക് മുന്നറിയിപ്പുമായി രവി ശാസ്ത്രി

പരിക്കുമൂലം ഏറെ നാളായി ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്ന ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ അയർലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ മടങ്ങിയെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. താരത്തെ ഏഷ്യാകപ്പിലും ഏകദിന ലോകകപ്പിലും കളിപ്പിക്കാൻ കഴിയുംവിധമാണ് ടീം മാനേജ്‌മെന്റ് നീക്കങ്ങൾ.

എന്നാൽ, ബുംറയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന രവി ശാസ്ത്രി സെലക്ടർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പരിക്കിൽനിന്ന് പൂർണമായി മുക്തനാകാതെ താരത്തെ കളിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന് ശാസ്ത്രി പറയുന്നു. നടുവിനേറ്റ പരിക്കുമൂലം കഴിഞ്ഞ സെപ്റ്റംബർ മുതൽ ബുംറ കളിക്കുന്നില്ല. ട്വന്റി20 ലോകകപ്പും ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പും താരത്തിന് നഷ്ടമായിരുന്നു.

‘ബുംറ വളരെ പ്രധാനപ്പെട്ട ഒരു ക്രിക്കറ്റ് താരമാണ്. പക്ഷേ, അവനെ ലോകകപ്പിനുവേണ്ടി തിരക്കുകൂട്ടിയാൽ ഷഹീൻ അഫ്രീദിയെപ്പോലെ, നാല് മാസത്തിന് ശേഷം നിങ്ങൾക്ക് അവനെ നഷ്ടമായേക്കാം. എല്ലാത്തിനും സമയമുണ്ട്, ചിന്തിച്ച് കാര്യങ്ങൾ തീരുമാനിക്കണം’ -ശാസ്ത്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ ബുംറ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. നിലവിൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് താരമുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഹാർദിക് പാണ്ഡ്യ തിരിച്ചുവരുമെന്ന് തോന്നുന്നില്ല. ഏകദിന ലോകകപ്പിന് ശേഷം ഓൾ റൗണ്ടറായ താരം ഇന്ത്യയുടെ വൈറ്റ് ബാൾ നായകനാകാൻ സാധ്യതയുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ആഗസ്റ്റിലാണ് അയർലൻഡിനെതിരായ പരമ്പര. ഇതിൽ താരത്തെ കളിപ്പിച്ച് വമ്പൻമത്സരങ്ങൾക്ക് സജ്ജമാക്കുകയാണ് ടീം മാനേജ്മെന്‍റിന്‍റെ ലക്ഷ്യം.

സെപ്റ്റംബറിൽ പാകിസ്താനും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിലാണ് ഏഷ്യാകപ്പ് നടക്കുന്നത്. ഏകദിന ലോകകപ്പ് ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കും.

Tags:    
News Summary - Ravi Shastri Issues Stern Warning Regarding Jasprit Bumrah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.