അഫ്​ഗാൻ ക്രിക്കറ്റി​െൻറ സച്ചിൻ; തീവ്രവാദ മുദ്രകുത്തപ്പെട്ടിരുന്ന യുവതയുടെ മാണിക്യമാണ്​ റാഷിദ്​

ഏറ്റവും കാഠിന്യമേറിയ കല്ലിൽ നിന്നാണ് ഏറ്റവും മികച്ച ശിൽപം പിറവിയെടുക്കുന്നതെന്ന ടിബറ്റൻ പഴമൊഴിയുടെ ഏറ്റവും നിസ്​തുലമായ ക്രിക്കറ്റ് വേർഷനായിരിക്കണം റാഷിദ്​ ഖാനെന്ന അഫ്​ഗാൻ സ്​പിന്നർ .ട്വൻറി 20 ക്രിക്കറ്റിൽ ഇന്നുള്ളതിൽ വെച്ച് ഏറ്റവും ഇൻറലിജൻറായ ബൗളർ അയാൾ തന്നെയാണ്. ജനിച്ച ഭൂമികയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അയാൾ നേടിയെടുത്തതിനൊക്കെയും പത്തരമാറ്റ് തിളക്കമാണ്. അതിലപ്പുറം, വെടിയാച്ച നിലച്ചാൽ വിശേഷാവസരമായിക്കരുതുന്ന, ക്രിക്കറ്റ് പന്തിനേക്കാൾ കൂടുതൽ തവണ ഗ്രനേഡുകളെ കാണുന്ന, ചെറു ചെറു യുദ്ധങ്ങളുടെ ഇടവേളകളിൽ ക്രിക്കറ്റ് കളിക്കുന്ന അഫ്​ഗാൻ ജനതയുടെ ദേശീയതാ പ്രതിരൂപം കൂടിയാണയാൾ. ഒരു പക്ഷേ അഫ്​ഗാൻ ക്രിക്കറ്റി​െൻറ സച്ചിൻ.


പുതു നൂറ്റാണ്ടിലെ ആദ്യ ദശകത്തി​െൻറ പകുതിയോടെയാണ് അഫ്‌ഗാനിസ്ഥാ​െൻറ കായിക ഭൂപടത്തിൽ ക്രിക്കറ്റ് അടയാളപ്പെടാൻ തുടങ്ങുന്നത്. ക്രിക്കറ്റി​െൻറ പരിഷ്​കൃത സാമൂഹ്യ പരിസരങ്ങളിലൊന്നിലും തന്നെ അഫ്​ഗാൻ ക്രിക്കറ്റിനെ വരച്ചിടാൻ കഴിയില്ല. കാരണം ക്രിക്കറ്റ് കളിക്കാൻ കഴിയുക എന്നതു തന്നെ അവരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രിവിലേജാണ്. സ്വാഭാവികമായും യാതൊരു കോച്ചിങ്ങി​െൻറയും പിൻബലമില്ലാതെത്തന്നെയാണ് അഫ്​ഗാൻ ക്രിക്കറ്റർമാർ കളിച്ചു വളരുന്നത്. റാഷിദ്​ ഖാനും ആ പാരമ്പര്യത്തിൽ നിന്ന് വിഭിന്നനല്ല. ബാൾ റിലീസിങ്ങി​െൻറ ആംഗിളിലും, വായുവിലെ ഗതിവേഗത്തി​െൻറ നിയന്ത്രണത്തിലും ഒക്കെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താൽ വിദഗ്​ധോപദേശം കിട്ടുന്ന ഒരു തലമുറയോട് മത്സരിച്ചാണ് റഷീദ് ഒന്നാം സ്ഥാനത്തെത്തിയതെന്നോർക്കുമ്പോൾ ആ പ്രതിഭയുടെ ആഴത്തിനു മുമ്പിൽ അമ്പരന്ന് നിൽക്കാനേ സാധിക്കുന്നുള്ളൂ.


കുട്ടിക്കാലത്ത് ക്രിക്കറ്റ് പന്തായിരുന്നില്ല റാഷിദിന്​ ഏറ്റവും പ്രിയപ്പെട്ടത്; മറിച്ച് ഒരു കവണയായിരുന്നു. ഊണിലും ഉറക്കത്തിലും, ശരീരത്തി​െൻറ ഒരു ഭാഗം പോലെ അതവ​െൻറ കൂടെയുണ്ടായിരുന്നു. സ്​കൂളിൽ പോകാതെ സഹോദരനുമൊത്ത് ആ കവണയുമായി ചെറിയ പക്ഷികളെ വീഴ്ത്തുന്നതായിരുന്നു റാഷിദി​ൈൻറ പ്രിയപ്പെട്ട ഹോബി. ബാട്ടി കോട്ടെന്ന അവ​െൻറ ഗ്രാമം വരണ്ടതും, പച്ച പിടിച്ച ഒന്നിനെയും അനുവദിക്കാത്തതുമായിരുന്നു. വെടി ശബ്ദങ്ങളായിരുന്നു പക്ഷികളുടെ ശബ്​ദത്തേക്കാൾ അവരെ പുൽകിയിരുന്നത്. അഫ്​ഗാൻ ക്രിക്കറ്റി​െൻറ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന ജലാലാബാദിൽ നിന്നും അകലെയാണെങ്കിലും പാക് അതിർത്തിയോടുള്ള സാമീപ്യം ബാട്ടി കോട്ടിന്റെ രക്തത്തെ ക്രിക്കറ്റിനോട് എപ്പോഴും ചേർത്തു നിർത്തി. 80 കളിലെ സോവിയറ്റ് അധിനിവേശത്തിന്റെ ബാക്കിപത്രമായി ഒട്ടേറെ അഫ്​ഗാനികൾ പെഷവാറിലെ അഭയാർത്ഥികളായി മാറി. റാഷിദി​െൻറ മൂത്ത 5 സഹോദരന്മാരും, നാല് സഹോദരിമാരും അത്തരത്തിലുള്ള അഭയാർഥികളായി മാറിക്കഴിഞ്ഞിരുന്നു. ക്രിക്കറ്റിൽ താൽപര്യം തോന്നിത്തുടങ്ങിയ കാലം മുതൽ റാഷിദി​െൻറ ആരാധനാപാത്രം ഷാഹിദ് അഫ്രിദിയായിരുന്നു. തുടക്കകാലത്ത് പാകിസ്ഥാനായിരുന്നു അഫ്​ഗാൻ ക്രിക്കറ്റിനെ പിച്ചവെക്കാൻ പഠിപ്പിച്ചത് എന്നാലോചിക്കുമ്പോൾ അതിലത്ര അത്​ഭുതമൊന്നും തോന്നാനുമില്ല.


അധികം വൈകാതെത്തന്നെ റാഷിദിനെയും സഹോദരന്മാർ പെഷവാറിലെത്തിച്ചു. അവിടെ സഹോദരന്മാരുമൊത്താണ് അയാൾ ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്. പ്രായക്കൂടുതലനുസരിച്ച് ഓരോ സഹോദരന്മാരും ബാറ്റു ചെയ്യുന്ന ശൈലിയായിരുന്നു അവിടെ. ബാറ്റ് ചെയ്യാൻ അവസരം കിട്ടാതിരുന്ന അയാൾ സ്വാഭാവികമായും ബൗളിംഗിലേക്ക് ശ്രദ്ധ തിരിച്ചു. 25 ഓവറുകൾ വരെ ദിവസേന എറിയാറുണ്ടായിരുന്നെന്ന് അയാൾ ഓർത്തെടുക്കുന്നുണ്ട്. ചുമരിൽ ചോക്കുപോലൊരു വസ്​തുവിവിനെക്കൊണ്ട് (തബാഷീർ) സ്​റ്റംപുകളുടെ ചിത്രം വരച്ചായിരുന്നു അവരുടെ ഇൻഡോർ ക്രിക്കറ്റ്. അറ്റാക്കിംഗ് ഷോട്ടുകൾ കളിക്കാൻ ബാറ്റ്​സ്​മാന്​ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അത്രമേൽ സോളിഡായി ഡിഫൻഡ് ചെയ്യുന്ന ബാറ്റ്സ്മാനെ പുറത്താക്കാൻ സാധാരണ പന്തുകളെക്കൊണ്ട് പറ്റാറുമില്ലായിരുന്നു. ലെഗ് ബ്രേക്കുകൾക്ക് കോൺക്രീറ്റി​െൻറ ഉപരിതലം സഹായകരവുമായിരുന്നില്ല. അങ്ങനെയാണ് റിസ്റ്റ് സ്പിന്നും, ഫിംഗർസ്​പിന്നും ഇടകലർത്തിക്കൊണ്ടുള്ള ആക്രമണ ശൈലിയ്ക്ക് റാഷിദ്​ രൂപം കൊടുക്കുന്നത്.ബാക്ക് ഓഫ് ദി ഹാൻഡ് റിലീസിംഗ് പൊസിഷനിലുള്ള റിസ്റ്റ് സ്പിന്നിന്റെ, റോംഗ് വണ്ണെന്ന അപ്ലിക്കേഷൻ അത്രമേൽ മാരകമായാണ് അയാൾ ക്രിക്കറ്റിന്റെ ഏതു രൂപത്തിലും അവതരിപ്പിക്കുന്നത്.

റിസ്റ്റ് സ്പിന്നിന്റെ പ്രധാന ന്യൂനതയായ വേഗക്കുറവിനെ മറികടക്കാൻ റാഷിദുപയോഗിക്കുന്ന ആയുധം വിരലുകൾ കൊണ്ടുള്ള ഫ്ലിക്കാണ്. റിലീസിംഗിനു മുമ്പുള്ള ആ ഫിംഗർ ഫ്ലിക്കാണ് കാരം ബാളിൽ നിന്നും റാഷിദ് ഡെലിവറികളെ വ്യത്യസ്തമാക്കുന്നതും, മാരകമാക്കുന്നതും. റാഷിദ്​ അഫ്​ഗാൻ ടീമിലേക്കെത്തിയതിനെ പറ്റി രസകരമായ ഒരു കഥയുണ്ട്. പ്രഥമ അഫ്​ഗാൻ അന്താരാഷ്ട്ര ക്യാപ്റ്റനായ നവ് റോസ് മംഗൾ പങ്കെടുക്കുന്ന ഒരു എക്​സിബിഷൻ മത്സരത്തിൽ റാഷിദ്​ ബൗൾ ചെയ്യുകയായിരുന്നു. നേരിട്ട ആദ്യ പന്ത് മംഗൾ ടേണിനനുസരിച്ച് കട്ട് ചെയ്തു. അടുത്ത പന്തും അതേ ലൈനിലും ലെങ്​തിലുമായിരുന്നു. വീണ്ടും കട്ട് ചെയ്യാൻ ശ്രമിച്ച മംഗളി​െൻറ കണക്കുകൂട്ടലുകൾ തെറ്റിച്ച ഒരു ഷാർപ് റോംഗ് വണ്ണായിരുന്നു അത്. ഇൻസൈഡ് എഡ്​ജ്​ സിംഗിൾ "ഫ്ലൂക്കായിരിക്കുമല്ലേ?" എന്നു ചോദിച്ച മംഗളിനോട് അടുത്ത പന്തും റോങ്​ വണ്ണെറിയട്ടെ എന്നതായിരുന്നു റാഷിദിന്റെ മറുചോദ്യം. പറയുക മാത്രമല്ല അയാളത് പ്രവർത്തിക്കുകയും ചെയ്തു. അഫ്​ഗാ​െൻറ ട്വൻറി ടീമിലേക്കുള്ള വാതിലായിരുന്നു അയാൾക്കത്.


അവിടെ നിന്നുള്ള റാഷിദ് ഖാ​െൻറ യാത്ര ചരിത്രമാണ്. ഇരുപത്തി രണ്ടാം വയസ്സിൽ, എല്ലാ ഫോർമാറ്റുകളിലുമായി അയാൾ 245 അന്താരാഷ്ട്ര വിക്കറ്റുകൾക്കുടമയാണ്. സിംബാബ്​വെക്കെതിരായ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ 7.9 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിൽ 16 വിക്കറ്റുകളാണ് അയാൾ വീഴ്ത്തിയത്. വിൻഡീസിനെതിരെ ഒരു ഏകദിനത്തിൽ 18 റൺസ് വിട്ടു കൊടുത്ത് 7 വിക്കറ്റുകൾ സ്വന്തമാക്കുമ്പോഴും, അതേ എതിരാളികൾക്കെതിരെ ട്വൻറി 20 മത്സരത്തിന് വെറും 3 റൺസ് മാത്രം നൽകി 5 വിക്കറ്റുകൾ വീഴ്ത്തുമ്പോഴും റാഷിദ്​ ക്രിക്കറ്റിലെ അത്ഭുത ബാലനാണ് താനെന്ന് തെളിയിക്കുകയായിരുന്നു. ഗൂഗ്ലികളും,ആം ബോളുകളും, സ്ലൈഡറുകളും,ഫ്ലിപ്പറുകളുമൊക്കെ നിറഞ്ഞ അയാളുടെ ആയുധ ശേഖരം സമകാലിക ക്രിക്കറ്റിലെ ഏറ്റവും വിഷലിപ്​തമായതാണ്.പൂർണ്ണമായും അയാൾക്കു മേൽ അധീശത്വം പുലർത്തുന്ന ഒരു ബാറ്റ്​സ്​മാനെ ഇതുവരെയും കണ്ടിട്ടുമില്ല.

മുത്തയ്യ മുരളീധരനും, ഷെയ്ൻ വോണും, അനിൽ കുംബ്ലെയും പതാകാവാഹകരായിരുന്ന ക്ലാസിക്കൽ സ്​പിൻ ബൗളിംഗിലെ ഏറ്റവും പുതിയ സെൻസേഷനാണ് ബാട്ടി കോട്ടുകാരൻ. അയാളുടെ നേട്ടങ്ങൾ ക്രിക്കറ്റിന്റെ 22 യാർഡിൽ ഒതുക്കിയിടാനുമാവില്ല. ഒരു രാജ്യത്തിന്റെ തളരാത്ത ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണയാൾ. തീവ്രവാദത്തിന്റെയും,മയക്കുമരുന്നി​െൻറയും പേരിൽ അറിയപ്പെട്ടിരുന്ന, മുദ്ര കുത്തപ്പെട്ടിരുന്ന ഒരു തലമുറയിലെ അഫ്​ഗാൻ യുവതയ്ക്ക് സ്വന്തം ദേശീയതയുമായി ചേർത്തു വെക്കാൻ ലഭിച്ച മാണിക്യമാണ് റഷീദ് ഖാൻ. അയാളുടെ നേട്ടങ്ങൾക്ക് ആകാശമാണ് പരിധി; ആ സ്വപ്നങ്ങൾക്കുമതെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT