‘റൂട്ട്, നന്ദി, ഞങ്ങളുടെ കണ്ണുകളെ കാത്തതിന്...’; കുടുംബത്തിന്‍റെ മാനം രക്ഷിച്ച ഇംഗ്ലീഷ് താരത്തിന് നന്ദി പറഞ്ഞ് മാത്യു ഹെയ്ഡന്‍റെ മകൾ

ബ്രിസ്ബേൻ: ആസ്ട്രേലിയൻ മണ്ണിൽ കന്നി സെഞ്ച്വറി കുറിച്ചതിലൂടെ മുൻ ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് ജോ റൂട്ട് കാത്തത്. ആ കുടുംബം ഈയൊരു സെഞ്ച്വറിക്കായി അത്രക്ക് ദൈവത്തോട് പറഞ്ഞിരിക്കണം.

കുടുംബത്തിന്‍റെ മാനം കാത്ത റൂട്ടിനോട് ഹെയ്ഡന്‍റെ കുടുംബം അത്രക്ക് കടപ്പെട്ടിട്ടുണ്ട്. സമൂഹമാധ്യമ പോസ്റ്റിലൂടെ ഹെയ്ഡന്‍റെ മകൾ ഗ്രേസ് ഹെയ്ഡൻ റൂട്ടിനോട് നന്ദി പറയുകയും ചെയ്തു. ആഷസ് പരമ്പര ആരംഭിക്കുന്നത് മാസങ്ങൾക്ക് മുമ്പ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഹെയ്ഡൻ നടത്തിയ വീരവാദമാണ് കുടുംബത്തിന് തലവേദനയായത്. ഈ ആഷസ് പരമ്പരയിൽ ജോ റൂട്ട് സെഞ്ച്വറി നേടിയില്ലെങ്കിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനു (എം.സി.ജി) ചുറ്റും നഗ്നനായി നടക്കുമെന്നായിരുന്നു ഹെയ്ഡന്‍റെ വെല്ലുവിളി. ടെസ്റ്റ് ക്രിക്കറ്റിൽ റെക്കോഡുകൾ ഓരോന്നായി സ്വന്തം പേരിലാക്കുമ്പോഴും ഇംഗ്ലീഷ് താരത്തിന് ഓസീസ് മണ്ണിൽ ഒരു സെഞ്ച്വറി എന്നത് സ്വപ്നമായി തുടരുകയായിരുന്നു.

ഇത്തവണ ഓസീസ് മണ്ണിലെ ആ സെഞ്ച്വറി ക്ഷാമം റൂട്ട് തീർക്കുമെന്ന ആത്മവിശ്വാസം ഹെയ്ഡനുണ്ടായിരുന്നു. യൂട്യൂബ് ചാനലിലെ ചർച്ചക്കിടെ പാനലിസ്റ്റുകൾ ആഷസിലെ എക്കാലത്തെയും മികച്ച ഇലവൻ തെരഞ്ഞെടുത്തപ്പോൾ റൂട്ടിനെ ഒഴിവാക്കിയതാണ് അന്ന് ഹെയ്ഡനെ ചൊടിപ്പിച്ചത്. പിന്നാലെയാണ് കമന്റേറ്റർ കൂടിയായ ഹെയ്ഡൻ ഇത്തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്. ‘അവൻ ഇംഗ്ലണ്ട് ടീമിലെ കംപ്ലീറ്റ് പാക്കേജാണ്. ടീമിൽ ജോ റൂട്ട് ഇല്ലാത്തത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ശരാശരി 40 ആണ്, ഉയർന്ന സ്കോർ 180ഉം. ഈ ആഷസിൽ അവൻ ഒരു സെഞ്ച്വറി നേടിയില്ലെങ്കിൽ ഞാൻ എം.സി.ജിയിലൂടെ നഗ്നനായി നടക്കും’ -ഹെയ്ഡൻ പറഞ്ഞു.

താരത്തിന്‍റെ വാക്കുകൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. പിന്നാലെ ഹെയ്ഡന്റെ മകളും അവതാരകയുമായ ഗ്രേസ് ഹെയ്ഡൻ റൂട്ടിനോട് കുടുംബത്തിന്‍റെ മാനം രക്ഷിക്കണമെന്ന അഭ്യർഥനയുമായി രംഗത്തെത്തി. ആഷസിലെ രണ്ടാം ടെസ്റ്റിൽ അപരാജിത സെഞ്ച്വറി നേടി റൂട്ട് പേരുദോഷം മാറ്റിയപ്പോൾ, ഹെയ്ഡന്‍റെ കുടുംബത്തിന്‍റെ മാനം കൂടിയാണ് കാത്തത്. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബാൾ ടെസ്റ്റിന്‍റെ ഒന്നാം ദിനത്തിലാണ് റൂട്ട് നേട്ടം കൈവരിച്ചത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ 40ാം സെഞ്ച്വറിയാണിത്. 159 ടെസ്റ്റ് കളിച്ച താരം 291ാം ഇന്നിങ്സിലാണ് ഓസീസ് മണ്ണിൽ ആദ്യമായി ഒരു സെഞ്ച്വറി കുറിക്കുന്നത്. ആഷസ് പരമ്പരയിലെ താരത്തിന്‍റെ അഞ്ചാം സെഞ്ച്വറിയും. മുമ്പുള്ള നാലു സെഞ്ച്വറികളും നേടിയത് സ്വന്തം നാട്ടിലായിരുന്നു.

‘റൂട്ട്, നിങ്ങൾക്ക് നന്ദി, എല്ലാവരുടെയും കണ്ണുകൾ കാത്തതിന്’ -റൂട്ട് സെഞ്ച്വറി നേടിയതിനു പിന്നാലെ ഗ്രേസ് ഹെയ്ഡൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മാത്യു ഹെയ്ഡനും റൂട്ടിനെ അഭിനന്ദിച്ചു. 206 പന്തിൽ 15 ഫോറും ഒരു സിക്സുമടക്കം 138 റൺസുമായി റൂട്ട് പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334 റൺസിൽ അവസാനിച്ചു.

Tags:    
News Summary - Matthew Hayden's Daughter Shares Hilarious Message After Joe Root Saves Father From 'Naked Run'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.