ജയ്പൂർ: ഒന്നാം ഇന്നിങ്സിനു പിന്നാലെ രണ്ടാം ഇന്നിങ്സിലും ഇന്ത്യൻ താരം ദീപക് ഹൂഡ സെഞ്ച്വറി പ്രകടനം തുടർന്നതോടെ, രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാന് മേൽക്കൈ. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ രാജസ്ഥാൻ 76 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തിട്ടുണ്ട്. രാജസ്ഥാന് 309 റൺസിന്‍റെ ലീഡുണ്ട്.
കേരളം ഒന്നാം ഇന്നിങ്സിൽ 82.5 ഓവറിൽ 306 റൺസിന് പുറത്തായിരുന്നു. 31 റൺസിന്റെ ലീഡ് വഴങ്ങി. 122 പന്തിൽ 106 റൺസെടുത്ത ഹൂഡയും 78 പന്തിൽ 48 റൺസെടുത്ത കുനാൽ സിങ്ങുമാണ് ക്രീസിലുള്ളത്. മൂന്നു സിക്സും ആറു ഫോറും ഉൾപ്പെടെയാണ് ഹൂഡ സെഞ്ച്വറി നേടിയത്.
അഭിജീത്ത് തോമർ 157 പന്തിൽ 68 റൺസെടുത്തു. യാഷ് കോത്താരി (30 പന്തിൽ 24), മഹിപാൽ ലോംറോർ (പൂജ്യം), സൽമാൻ ഖാൻ (പൂജ്യം) അശോക് മെനാരിയ (63 പന്തിൽ 19) എന്നിവരാണ് പുറത്തായത്. കേരളത്തിനായി ജലജ് സക്സേന മൂന്നു വിക്കറ്റ് നേടി. ബേസിൽ തമ്പി, സിജോമോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തേ, സച്ചിൻ ബേബിയുടെ തകർപ്പൻ സെഞ്ചറി പ്രകടനത്തിനും കേരളത്തെ രക്ഷിക്കാനാകാതെ പോയതോടെയാണ് ഒന്നാം ഇന്നിങ്സ് കേരളം ലീഡ് വഴങ്ങിയത്. താരം 217 പന്തിൽ 139 റൺസുമായി പുറത്താകാതെ നിന്നു. 18 ഫോറുകളാണ് താരം നേടിയത്. ഫാസിൽ ഫാനൂസ് (0), എം.ഡി. നിധീഷ് (ഒമ്പതു പന്തിൽ നാല്) എന്നിവരാണ് മൂന്നാം ദിനം പുറത്തായത്. ഒമ്പതാം വിക്കറ്റിൽ ഫാസിലിനൊപ്പം 43 പന്തിൽ 24 റൺസും, പത്താം വിക്കറ്റിൽ നിധീഷിനൊപ്പം 16 പന്തിൽ 14 റൺസുമാണ് സച്ചിൻ കൂട്ടിച്ചേർത്തത്.
രണ്ടാം ദിനം കളി നിർത്തുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലായിരുന്നു കേരളം. അഞ്ച് വിക്കറ്റ് നേടിയ അനികേത് ചൗധരിയാണ് കേരളത്തെ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.