നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. വിദർഭയുടെ ഒന്നാമിന്നിങ്സ് സ്കോറായ 379നെതിരെ കേരളം രണ്ടാംദിനം മത്സരം അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. വിദർഭയുടെ സ്കോറിന് 248 റൺസ് പിറകിലാണിപ്പോൾ കേരളം. ആദിത്യ സർവതെ (66), ക്യാപ്റ്റൻ സചിൻ ബേബി (ഏഴ്) എന്നിവരാണ് ക്രീസിലുള്ളത്.
തുടക്കത്തിലെ തകർച്ചയിൽ നിന്ന് ആദിത്യ സർവതെ-അഹ്മദ് ഇംറാൻ സഖ്യത്തിന്‍റെ കൂട്ടുകെട്ടിലാണ് കേരളം കരകയറിയത്. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ളപ്പോൾ ആദ്യ ഓവറിൽ തന്നെ കേരളത്തിന് ഓപ്പണർ രോഹൻ കുന്നുമ്മലിന്‍റെ വിക്കറ്റ് നഷ്ടമായി. ദർശൻ നൽകണ്ഠെയുടെ പന്തിൽ വിക്കറ്റ് തെറിക്കുകയായിരുന്നു. ഇതിന്‍റെ ഞെട്ടൽ മാറുംമുമ്പേ മൂന്നാം ഓവറിൽ അടുത്ത വിക്കറ്റും വീണു. 14 റൺസെടുത്ത അശ്വിൻ ചന്ദ്രന്‍റെ വിക്കറ്റാണ് നഷ്ടമായത്.
പിന്നീടെത്തിയ ആദിത്യ സർവതെ-അഹ്മദ് ഇംറാൻ സഖ്യം കരുതലോടെ മുന്നേറി കേരളത്തെ തകർച്ചയിൽ നിന്ന് കരകയറ്റി. 93 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് സൃഷ്ടിച്ചത്. സർവതെക്ക് മികച്ച പിന്തുണ നൽകി കളിച്ചിരുന്ന അഹ്മദ് ഇംറാൻ (37) യാഷ് താക്കൂറിന്‍റെ പന്തിൽ ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റൻ സചിൻ ബേബി രണ്ടാംദിനം കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ കാത്തു.
നേരത്തെ, 153 റൺസെടുത്ത ഡാനിഷ് മാലേവാറിനും 86 റൺസെടുത്ത കരുൺ നായറിന്റേയും മികവിലാണ് വിദർഭ 379 റൺസെടുത്തത്. മറ്റാർക്കും വിദർഭക്കായി കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല.കേരള ബൗളർമാരിൽ മൂന്ന് വിക്കറ്റ് വീതമെടുത്ത നിധീഷും ഏദൽ ആപ്പിൾ ടോമുമാണ് തിളങ്ങിയത്. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ബേസിലിന്റെ പ്രകടനവും കേരളത്തിന് നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.