ഈഡൻ ഗാർഡനിൽ ജോസേട്ടൻസ് പൂരം; രാജസ്ഥാൻ റോയൽസിന് ഗംഭീര ജയം

കൊൽകത്ത: സുനിൽ നരെയ്ന്റെ  വെടിക്കെട്ട് സെഞ്ച്വറിയുടെ ബലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കെട്ടിപൊക്കിയ റൺമല ജോസ് ബട്ട്ലറുടെ ഒറ്റയാൾ പോരാട്ടത്തിന് മുന്നിൽ തവിട് പൊടി. 224 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസ് ഇന്നിങ്സിലെ അവസാന പന്തിൽ ലക്ഷ്യം കണ്ടു. രണ്ടു വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം.

60 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 107 റൺസെടത്ത് ജോസ് ബട്ട്ലർ പുറത്താകാതെ നിന്നു. ഈ ഐ.പി.എല്ലിൽ ബട്ട്ലറിന്റെ രണ്ടാമത്തെ സെഞ്ച്വറിയാണ്. 34 റൺസെടുത്ത റയാൻ പരാഗും 26 റൺസെടുത്ത റോവ്മാൻ പവലും മാത്രമാണ് ബട്ട്ലർക്ക് മികച്ച പിന്തുണ നൽകിയത്. അവസാന ആറോവറിൽ 96 റൺസ് വേണ്ടിടത്താണ് ബട്ട്ലർ അവശ്വസീനയമായ വിജയം രാജസ്ഥാന് സമ്മാനിച്ചത്. 


224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് 19 റൺസെടുത്ത് യശസ്വി ജയ്സ്വാളിനെയാണ് ആദ്യം നഷ്ടമായ്ത്. തുടർന്നെത്തിയ നായകൻ സഞ്ജു സാംസൺ 12 റൺസെടുത്ത് ഹർഷിദ് റാണക്ക് വിക്കറ്റ് നൽകി മടങ്ങി. സ്ഥിതി പരുങ്ങലിലെന്ന് തോന്നിച്ച ഘട്ടത്തിൽ ഓപണർ ജോസ് ബട്ട്ലർക്ക് കൂട്ടായി റയാൻ പരാഗ് എത്തിയതോടെ സ്കോർ വേഗം കൂടി. വെടിക്കെട്ട് മൂഡിലായിരുന്ന പരാഗ് തകർത്തടിക്കാൻ തുടങ്ങിയതോടെ സ്കോർ നൂറിനരികിലെത്തി. 7.5 ഓവറിൽ 97 റൺസിൽ നിൽകെയാണ് റാണയുടെ പന്തിൽ പരാഗ് മടങ്ങിയത്. 14 പന്തിൽ രണ്ടു സിക്സും നാല് ഫോറുമുൾപ്പെടെ 34 റൺസാണെടുത്തത്.

തുടർന്നെത്തിയ ധ്രുവ് ജുറേൽ രണ്ട് റൺസെടുത്ത് നരെയ്ന് വിക്കറ്റ് നൽകി. എട്ടു റൺസെടുത്ത് രവിചന്ദ്ര അശ്വിനും റൺസൊന്നും എടുക്കാതെ ഷിമ്രോൺ ഹെറ്റ്മിയറും വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. അർധസെഞ്ച്വറി പൂർത്തിയാക്കി പ്രതീക്ഷയായി നിലയുറപ്പിച്ച ജോസ് ബട്ട്ലർ റോവ്മാൻ പവലിനെ കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. നരേയ്ൻ എറിഞ്ഞ 17ാമത്തെ ഓവറിൽ തുടരെ തുടരെ സിക്സർ പറത്തി പവൽ ഞെട്ടിച്ചെങ്കിലും എൽ.ബിയിൽ കുരുങ്ങി. 13 പന്തിൽ മൂന്ന് സിക്സും ഒരു ഫോറുമുൾപ്പെടെ 26 റൺസെടുത്താണ് മടങ്ങിയത്. ട്രൻഡ് ബോൾട്ട് റൺസൊന്നും എടുക്കാതെ റണ്ണൗട്ടായി. തുടർന്നെത്തിയ ആവേശ്ഖാനെ കാഴ്ചക്കാരനായി നിർത്തി സ്ട്രൈക്ക് പിടിച്ചെടുത്ത് ബട്ട്ലർ ലക്ഷ്യം കണ്ടു.   ഹർഷിദ് റാണ, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.


സുനിൽ നരെയ്ന്റെ അഴിഞ്ഞാട്ടം

എവേ മാച്ചിൽ ടോസ് നേടിയ രാജസ്ഥാൻ കൊൽകത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപണർ ഫിൽ സാൽട്ടിനെ (10) ആവേശ് ഖാൻ തകർപ്പൻ ക്യാച്ചിലൂടെ നേരത്തെ പറഞ്ഞയച്ചെങ്കിലും രഘുവംശിയുമായി ചേർന്ന് സുനിൽ നരെയ്ൻ തകർത്തടിച്ച് തുടങ്ങി. സ്റ്റാർ സ്പിന്നർമാരായ യുശ്വേന്ദ്ര ചഹലും രവിചന്ദ്ര അശ്വിനുമാണ് നരെയ്ന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത്.

30 റൺസെടുത്ത് രഘുവംശിയും 11 റൺസെടുത്ത് നായകൻ ശ്രേയസ് അയ്യരും 13 റൺസെടുത്ത് ആന്ദ്രേ റസ്സലും മടങ്ങിയെങ്കിലും തകർപ്പൻ ഹിറ്റുകളുമായി നരെയ്ൻ സെഞ്ച്വറി പൂർത്തിയാക്കി. 49 പന്തിലാണ് സെഞ്ച്വറി നേടിയത്. ഒടുവിൽ ബോൾട്ടിന്റെ പന്തിൽ ബൗൾഡായി നരെയ്ൻ മടങ്ങുമ്പോൾ ടീം സ്കോർ 17.3 ഓവറിൽ ടീം സ്കോർ 195 റൺസിലെത്തിയിരുന്നു.

വെങ്കിടേഷ് അയ്യർ എട്ടു റൺസെടുത്ത് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച റിങ്കുസിങ് 9 പന്തിൽ 20 റൺസുമായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി അവേശ് ഖാനും കുൽദീപ് സെന്നും രണ്ടും ട്രെൻഡ് ബോൾട്ടും ചഹലും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.



Tags:    
News Summary - Rajasthan Royals defeated Kolkata Knight Riders by two wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.