ആർ. അശ്വിൻ, എം.എസ്. ധോണി
ചെന്നൈ: ഐ.പി.എൽ 2026 സീസണിൽ എം.എസ് ധോണി എപ്പോൾ കളിക്കുമെന്ന ആകാംക്ഷയിൽ തുടരുന്ന ആരാധകർക്ക് പുതിയ സൂചനയുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ചെന്നൈ സൂപ്പർ കിങ്സിന്റെ (സി.എസ്.കെ) പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചാൽ മാത്രമേ ധോണിയെ കളത്തിലിറക്കാൻ സാധ്യതയുള്ളൂവെന്ന് അശ്വിൻ അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ടീമിന്റെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിച്ചത്.
'സി.എസ്.കെ ടൂർണമെന്റിൽ നിന്ന് പുറത്തായാൽ ഒരുപക്ഷേ ധോണി കളിച്ചേക്കാം. നിലവിൽ ടീമിന് പ്ലേ ഓഫ് സാധ്യതകൾ ബാക്കിയുണ്ട്. അങ്ങനെയൊരവസ്ഥയിൽ ധോണിയെ കളിപ്പിച്ച് എന്തിന് റിസ്ക് എടുക്കണം? കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ പ്രകടനം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ബൗളിങ് സ്‌ക്വാഡ് മികച്ച ഫോമിലാണ്. ബാറ്റിങ് കൂടി ഫോമിലായാൽ തുടർച്ചയായ മൂന്ന് വിജയങ്ങൾ നേടാൻ ടീമിന് സാധിക്കും.'- അശ്വിൻ വീഡിയോയിലൂടെ വ്യക്തമാക്കി. ഗുജറാത്ത് ടൈറ്റൻസിനോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും, വരാനിരിക്കുന്ന ആറ് മത്സരങ്ങളിൽ നാലെണ്ണം ജയിച്ചാൽ ചെന്നൈക്ക് പ്ലേ ഓഫിലെത്താൻ സാധിക്കുമെന്നും മുംബൈ ഇന്ത്യൻസിനെതിരെയുള്ള അടുത്ത മത്സരം ടീമിന് നിർണായകമാണെന്നും അശ്വിൻ പറഞ്ഞു.
പരിശീലന മത്സരത്തിനിടെ ധോണിയുടെ കൈകാലുകളിലെ പേശികൾക്ക് പരിക്കേറ്റതാണ് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കാൻ കാരണമെന്ന് ചെന്നൈ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു. പരിക്കുകൾ മെച്ചപ്പെട്ട് വീണ്ടും പരിശീലനം ആരംഭിച്ചെങ്കിലും റീഹാബിലിറ്റേഷൻ ഘട്ടത്തിൽ വീണ്ടും പേശിവലിവ് അനുഭവപ്പെട്ടത് മത്സരത്തിലേക്കുള്ള വരവിന് തിരിച്ചടിയായി. ഫിസിയോ ഡോക്ടറുമായി ചേർന്ന് ധോണി കഠിനമായ പരിശീലനത്തിലാണ്. അദ്ദേഹം പൂർണമായി സുഖം പ്രാപിച്ചെന്ന് ഡോക്ടർ സ്ഥിരീകരിച്ചാൽ മാത്രമേ ടീമിലേക്ക് പരിഗണിക്കൂ എന്നും ഫ്ലെമിങ് കൂട്ടിച്ചേർത്തു. നിലവിൽ റുതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസമാണ്. ബാക്കിയുള്ള മത്സരങ്ങൾ ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചുകളിലാണെന്നത് സി.എസ്.കെയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.