മൊഹാലിയിൽ പഞ്ചാബ് ബൗളർമാരെ പഞ്ഞിക്കിട്ട് ലഖ്നൗ; പിറന്നത് സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ

മൊഹാലി: പഞ്ചാബ് കിങ്സ് ബൗളർമാരെ അവരുടെ തട്ടകത്തിലിട്ട് കശാപ്പ് ചെയ്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടമായി ബാറ്റേന്തിയ കെ.എൽ രാഹുലും സംഘവും നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 257 റൺസ്. ഇന്ന് പിറന്നത് ഈ സീസണിലെ ഏറ്റവും ഉയർന്ന ടോട്ടൽ കൂടിയാണ്. 2013ൽ പൂനെ വാരിയേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നേടിയ 263 റൺസാണ് ഐ.പി.എല്ലിലെ ഏറ്റവും ഉയർന്ന ടോട്ടൽ.

40 പന്തുകളിൽ അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം 72 റൺസ് നേടിയ മാർകസ് സ്റ്റോയിനിസും 24 പന്തുകളിൽ നാല് സിക്സറുകളും ഏഴ് ഫോറുകളുമടക്കം 54 റൺസ് നേടിയ കെയ്ൽ മയേഴ്സും 24 പന്തുകളിൽ 43 റൺസ് നേടിയ ആയുഷ് ബധോനിയും 19 പന്തുകളിൽ ഏഴ് ഫോറുകളും ഒരു സിക്സറുമടക്കം 45 റൺസ് നേടിയ നികോളാസ് പൂരാനുമാണ് ലഖ്നൗവിന് കിടിലൻ ടോട്ടൽ സമ്മാനിച്ചത്. പഞ്ചാബ് ബൗളർമാരിൽ കഗിസോ റബാദ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. എന്നാൽ, താരം 52 റൺസാണ് നാലോവറിൽ വഴങ്ങിയത്.

കെയ്ൽ മയേഴ്സ് ലഖ്നൗവിന് സ്വപ്നതുല്യമായ തുടക്കമായിരുന്നു നൽകിയത്. നാലാമത്തെ ഓവറിൽ തന്നെ ടീം സ്കോർ 40 കടന്നിരുന്നു. എന്നാൽ, 12 റൺസ് മാത്രമെടുത്ത നായകൻ കെ.എൽ രാഹുലിനെ കഗിസൊ റബാദ ഷാരൂഖ് ഖാന്റെ കൈകളിലെത്തിച്ചു. ആറാമത്തെ ഓവറിൽ മയേഴ്സിനെയും റബാദ പുറത്താക്കിയെങ്കിലും അപ്പോഴേക്കും സ്കോർ 70 കടന്നിരുന്നു. രണ്ട് വിക്കറ്റ് പോയിട്ടും ലഖ്നൗവിന്റെ റൺകുതിപ്പിന് വേഗം കൂടുന്ന കാഴ്ചയായിരുന്നു. പത്തോവറിൽ ടീമിന്റെ സ്കോർ 120ഉം കടന്ന് പോയി.

ആയുഷ് ബധോനിയും മാർകസ് സ്റ്റോയിനിസും ചേർന്ന് അടിയുടെ പൂരമായിരുന്നു. ലിയാം ലിവിങ്സ്റ്റണിന്റെ പന്തിൽ ബധോനി പുറത്താകുമ്പോൾ 13.3 ഓവറിൽ ലഖ്നൗ 163 റൺസ് പിന്നിട്ടു. തുടർന്നെത്തിയ നികൊളാസ് പൂരാനും ആഞ്ഞടിക്കുന്ന കാഴ്ചയായിരുന്നു.

ആദ്യ ഘട്ട മത്സരങ്ങൾ പാതിപിന്നിട്ട സാഹചര്യത്തിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് ഇരു ടീമുകൾക്കും നിര്‍ണായകമാണ്. ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയം നേടി എട്ട് പോയിന്റുമായി ലഖ്‌നൗ നാലാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയം നേടിയ പഞ്ചാബ് കിങ്‌സ് ഏഴാം സ്ഥാനത്തുമാണ്.

Tags:    
News Summary - Punjab Kings vs Lucknow Super Giants IPL2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.