ജയ്പുർ: സവായ് മാൻസിങ് സ്റ്റേഡിയത്തിൽ സ്വന്തം കാണികൾക്കു മുമ്പിൽ നിറഞ്ഞാടിയ പഞ്ചാബ് ബാറ്റർമാർ വീണ്ടും 200+ ഇന്നിങ്സ് പടുത്തുയർത്തി. സന്ദർശകരായെത്തിയ ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 207 റൺസിന്‍റെ വിജയലക്ഷ്യമാണ് അവർ ഉയർത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധ ശതകവും (34 പന്തിൽ 53) മധ്യനിരയിൽ മാർക്കസ് സ്റ്റോയിനിസിന്‍റെ (16 പന്തിൽ 44*) വെടിക്കെട്ടുമാണ് കിങ്സിന് മികച്ച സ്കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് ടീം 206 റൺസടിച്ചത്.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡിൽ രണ്ടക്കം തികക്കും മുമ്പ് പ്രിയാൻഷ് ആര്യയെ പുറത്താക്കി മുസ്തഫിസുർ റഹ്മാൻ കിങ്സിനെ ഞെട്ടിച്ചു. രണ്ടാം വിക്കറ്റിൽ പ്രഭ്സിമ്രാൻ സിങ്ങും ജോഷ് ഇംഗ്ലിസും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേയിലെ അവസാന ഓവറിൽ ഇംഗ്ലിസിനെ (12 പന്തിൽ 32) വിപ്രജ് നിഗം മടക്കി. രണ്ടോവർ പിന്നിട്ടപ്പോൾ 28 റൺസ് നേടിയ പ്രഭ്സിമാനെയും വിപ്രജ് കൂടാരം കയറ്റി.
നിലയുറപ്പിച്ചു കളിച്ച ശ്രേയസിനൊപ്പം മറുവശത്തെത്തിയ നേഹൽ വധേരക്കും (16 പന്തിൽ 16) ശശാങ്ക് സിങ്ങിനും (10 പന്തിൽ 11) ഏറെനേരം പൊരുതാനായില്ല. പിന്നാലെയെത്തിയ സ്റ്റോയിനിസിനെ സാക്ഷിയാക്കി ക്യാപ്റ്റൻ ഫിഫ്റ്റി തികച്ചു. 18-ാം ഓവറിൽ ശ്രേയസ് മടങ്ങിയതോടെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സ്റ്റോയിനിസ് ഏറ്റെടുത്തു. മൂന്ന് ഫോറും നാല് സിക്സും സഹിതം 16 പന്തിൽ 44 റൺസെടുത്ത താരം പുറത്താകാതെ നിന്നു.
അസ്മത്തുല്ല ഒമർസായ് (1), മാർകോ യാൻസൻ (0), ഹർപ്രീത് ബ്രാർ (7*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ക്യാപിറ്റൽസിനായി മുസ്തഫിസുർ റഹ്മാൻ മൂന്നും വിപ്രജ് നിഗം, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.