ലിന്നിനെ പിടിച്ചുകെട്ടിയ മാന്ത്രിക ​സ്​പെല്ലുമായി പ്രവീൺ താംബെ; കൈയ്യടിച്ച്​ ക്രിക്കറ്റ്​ ലോകം

കിങ്​സ്​റ്റൺ: വയസ്​ വെറും അക്കങ്ങളാണെന്ന്​ നേ​രത്തെ തെളിയിച്ച ഇന്ത്യയുടെ വെറ്ററൻ സ്​പിന്നർ പ്രവീൺ താംബെ കടൽ കടന്നും തൻെറ ഖ്യാതി ഉയർത്തിയിരിക്കുകയാണ്​.

വെടിക്കെട്ട്​ വീരൻമാരുടെ പൂരപ്പറമ്പായ കരീബിയൻ പ്രീമിയർ ലീഗിൽ മികച്ച ബൗളിങ്​-ഫീൽഡിങ്​ പ്രകടനവുമായാണ്​ താംബെ ക്രിക്കറ്റ്​ ലോകത്ത്​ വീണ്ടും വാർത്തയായത്​. കളിക്കാർ വിരമിക്കുന്ന പ്രായത്തിലാണ്​ 48കാരനായ താംബെ ലീഗിൽ അരങ്ങേറിയത്​. എങ്കിലും ഇനിയുമേറെക്കാലം പന്തെറിയാനുള്ള 'ബാല്യം' തന്നിൽ അവശേഷിക്കുന്നതായാണ്​ താംബെ തെളിയിക്കുന്നത്​.

ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് മത്സരത്തിനിടെയായിരുന്നു അടുത്ത മാസം 49 വയസ്സ് പൂർത്തീകരിക്കാൻ പോകുന്ന താംബെയുടെ മാസ്​മരിക പ്രകടനം. എവിൻ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും ഉള്‍പ്പെടുന്ന സെൻറ്​ കിറ്റ്​സ്​ ബാറ്റിങ് നിരയ്‌ക്കെതിരെ നാല്​ ഓവറിൽ താംബെ വിട്ടുനൽകിയത്​ വെറും 12 റൺസ്​.

Full View

ട്വൻറി20 ക്രിക്കറ്റിലെ പിഞ്ച്​ ഹിറ്റർമാരിൽ പ്രധാനിയായ ക്രിസ്​ ലിന്നിനെതിരായ മെയ്​ഡൻ ഓവറാണ്​ ഇതിൽ എടുത്തു പറയേണ്ടത്​. 174 റൺസ്​ പിന്തുടരവേ അപകടകാരിയായ ലിന്നിന്​ ഒരു റൺ പോലും വിട്ടുനൽകാതെ പിടിച്ചുകെട്ടി സമ്മർദ്ദത്തിലാക്കാൻ താംബെക്കായി. സ്വന്തം പന്തിൽ ജോഷ്വ ഡസിൽവ​യെ പുറത്താക്കി ഒരുവിക്കറ്റും പേരിലാക്കി. ലീഗിലെ രണ്ടാമത്തെ മാത്രം മത്സരത്തിലായിരുന്നു പ്രകടനം.

എതിർ ടീം ഓപ്പണർ എവിൻ ലൂയിസിനെ പുറത്താക്കാൻ താംബെ എടുത്ത ക്യാച്ചും മത്സരത്തിൽ ശ്രദ്ധേയമായി. യുവതാരങ്ങളെ കവച്ചുവെക്കുന്ന മെയ്​വഴക്കത്തോടെയാണ്​ കാരി പിയറിയുടെ പന്തിൽ പോയിൻറിൽ വെച്ച്​ താംബെ ലൂയിസിനെ പിടികൂടിയത്​.


മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നൈറ്റ് റൈഡേഴ്സ് നേടിയത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമെടുക്കാനായ സെൻറ്​ കിറ്റ്സ് 59 റൺസിൻെറ കൂറ്റൻ തോൽവിയും ഏറ്റുവാങ്ങി.


2020 ഐ.പി.എൽ സീസണിനുള്ള താരലേലത്തിൽ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ താംബെയെ വിളിച്ചെടുത്തിരുന്നു. എന്നാൽ വിരമിക്കാത്ത താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കെരുതെന്ന ബി.സി.സി.ഐ ചട്ടം ലംഘിച്ചത്​ താംബെക്ക്​ തിരിച്ചടിയായി. അബൂദബിയിലെ ടി10 ലീഗിൽ കളിച്ചതാണ്​ താംബെയുടെ ഐ.പി.എൽ സ്വപ്​നങ്ങൾക്ക്​ തിരശീലയിട്ടത്​.

എന്നാൽ കെ.കെ.ആറിൻെറ തന്നെ ഉടമസ്​ഥതയിലുള്ള ടി.കെ.ആറിൽ കളിക്കാൻ താംബെക്ക്​ അവസരം ലഭിക്കുകയായിരുന്നു. കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്​ താംബെ. 43ാം വയസിൽ രാജസ്​ഥാൻ റോയൽസിനായാണ്​ ഐ.പി.എൽ കരിയറിന്​ തുടക്കമിട്ടത്​.

ഗുജറാത്ത്​ ലയൺസിൻെറയും സൺറൈസേഴ്​സ്​ ഹൈദരാബാദിൻെറയും ജഴ്​സിയണിഞ്ഞിട്ടുണ്ട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.