പാകിസ്താൻ താരങ്ങളായ മുഹമ്മദ് റിസ്വാനും ഇമാമുൽ ഹഖും
പാകിസ്താൻ ക്രിക്കറ്റിൽ വീണ്ടും ഒത്തുകളി വിവാദം: കളിക്കാരെ ചോദ്യംചെയ്തു
ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റിനെ വരിഞ്ഞുമുറുക്കി വീണ്ടും ഒത്തുകളി വിവാദം പുകയുന്നു. ഇംഗ്ലണ്ട് പര്യടനത്തിനിടെ നാട്ടിലേക്ക് വിളിപ്പിച്ച താരങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നതിനിടെ കളിക്കാർക്കെതിരെ നടപടിക്കും നീക്കം.
ഇംഗ്ലണ്ട് പര്യടനത്തിനിടെ ഡ്രസ്സിങ് റൂമിലെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ കളിക്കാരെ അന്വേഷണ ഏജൻസി ചോദ്യം ചെയ്യാനും വിളിപ്പിച്ചു.
രണ്ടാം ടെസ്റ്റിൽ തോറ്റതിനു പിന്നാലെ സീനിയർ താരങ്ങളായ മുഹമ്മദ് റിസ്വാൻ, ഇമാമുൽ ഹഖ് എന്നിവർ ഉൾപ്പെടെ ഏഴു താരങ്ങളെയാണ് പാകിസ്താൻ നാട്ടിലേക്ക് വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് റിസ്വാനെയും ഇമാമുൽ ഹഖിനെയും ദേശീയ സൈബർ കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ലാഹോറിലെ എൻ.സി.സി.ഐ.എ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി രണ്ടു മണിക്കൂറോളമാണ് താരങ്ങളെ ചോദ്യം ചെയ്തത്.
ഇംഗ്ലണ്ടിലായിരുന്ന കാലയളവിൽ താരങ്ങൾ ബന്ധപ്പെട്ടവർ, കൂടിക്കാഴ്ച, ഇടപാടുകൾ എന്നിവയിൽ വിശദാംശങ്ങൾ അന്വേഷണ സംഘം ആവശ്യപ്പെട്ടു.
ഇംഗ്ലണ്ട് പര്യടനത്തിൽ ഒത്തുകളി ആരോപണമുയർന്നതിനു പിന്നാലെ താരങ്ങളുടെ മൊബൈൽ ഫോണുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു. കളിക്കാരുടെ മൊബൈൽ ഫോണിൽനിന്ന് വാതുവെപ്പുകാർക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്ന ഗുരുതര ആരോപണവുമുയർന്നിട്ടുണ്ട്.
റിസ്വാനും ഇമാമിനും പുറമെ, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ഖുറം ഷഹ്സാദ്, ആമിർ ജമാൽ, മുഹമ്മദ് അവെയ്സ് സഫർ എന്നിവരാണ് ടീമിൽനിന്ന് ഒഴിവാക്കിയ മറ്റു താരങ്ങൾ. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ട് കളിക്കാർക്ക് ആഭ്യന്തര മത്സരങ്ങളിൽ വിലക്കേർപ്പെടുത്തി. ശനിയാഴ്ച ആരംഭിക്കുന്ന ഫസ്റ്റ്ക്ലാസ് മത്സരങ്ങൾക്ക് റിസ്വാനും ഇമാമിനും കളിക്കാനാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.