ദുലീപ് ട്രോഫി ഫൈനൽ: ഇഷാന് സെഞ്ച്വറി, പൂർവ മേഖല 385/4; വൈഭവുമായി കോർത്ത് തിലക്
ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ദക്ഷിണ മേഖലക്കെതിരെ പൂർവ മേഖല മികച്ച നിലയിൽ. ടോസ് നേടി ബാറ്റ് ചെയ്ത ഇവർ ആദ്യ നാൾ സ്റ്റമ്പെടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 385 റൺസിലെത്തിയിട്ടുണ്ട്. സെഞ്ച്വറിയുമായി നായകൻ ഇഷാൻ കിഷനും അർധ സെഞ്ച്വറിയുമായി കുമാർ കുശാഗ്രയുമാണ് (63) ക്രീസിൽ.
ഓപണർമാരായ വൈഭവ് സൂര്യവംശിയും അഭിമന്യൂ ഈശ്വരനും തകർപ്പൻ തുടക്കം നൽകി. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ വൈഭവ് 37 പന്തിൽ 44 റൺസടിച്ച് ചാമ മിലിന്ദിന് വിക്കറ്റ് സമ്മാനിച്ചു. അപ്പോൾ 14.4 ഓവറിൽ 100 റൺസെന്ന നിലയിലായിരുന്നു പൂർവ മേഖല. 72 റൺസെടുത്ത അഭിമന്യൂ റണ്ണൗട്ടായി. സുദീപ് കുമാർ ഘരാമി (6) വേഗം മടങ്ങി. നാലാം വിക്കറ്റിൽ ശിഖർ മോഹനൊപ്പം (85) ഇഷാൻ മികച്ച കൂട്ടുകെട്ടുണ്ടാക്കി. മിലിന്ദിന്റെ പന്തിൽ ബൗൾഡായാണ് ശിഖർ പുറത്തായത്. സ്കോർ നാലിന് 241. തുടർന്ന് സംഗമിച്ച ഇഷാൻ-കുശാഗ്ര സഖ്യമാണ് ടീമിനെ 400ന് അരികിലെത്തിച്ചത്.
മത്സരത്തിനിടെ ദക്ഷിണ മേഖല ക്യാപ്റ്റൻ തിലക് വർമയും പൂർവ മേഖല ബാറ്ററും വൈസ് ക്യാപ്റ്റനുമായ വൈഭവ് സൂര്യവംശിയും തമ്മിൽ നേർക്കുനേർ വാക്കുതർക്കമുണ്ടായി. തിലക് നടത്തിയ ചില സ്ലെഡ്ജിങ് പ്രയോഗങ്ങളാണ് വലിയ ചർച്ചയായിരിക്കുന്നത്. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന 15കാരൻ വൈഭവിനെ ലക്ഷ്യമിട്ട്, ‘‘ക്യാ യാർ, യേ വൈസ് ക്യാപ്റ്റൻ..?’’ (ഇതെന്ത് വൈസ് ക്യാപ്റ്റൻ) എന്ന് തിലക് ചോദിച്ചത് സ്റ്റമ്പ് മൈക്കിലൂടെ പുറത്തുവന്നു. പ്രകോപനത്തിന് മുന്നിൽ വഴങ്ങാതെ വൈഭവും ശക്തമായിത്തന്നെ ഗ്രൗണ്ടിൽ വെച്ച് പ്രതികരിച്ചു. ഇതിന് പിന്നാലെ വൈഭവ് പുറത്താവുകയും ചെയ്തു. ഇരുവരും പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.