പാകിസ്താനെ തകർത്ത് ഇന്ത്യൻ വനിതകൾ; ഏഷ്യ കപ്പിൽ ജയം ഏഴു വിക്കറ്റിന്, 8.4 ഓവറിൽ ലക്ഷ്യത്തിലെത്തി

ദുബൈ: വനിത ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യ. പാകിസ്താനെ 55 റൺസിന് എറിഞ്ഞിട്ട ഹർമൻപ്രീത് കൗറും സംഘവും 68 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ഏഴു വിക്കറ്റിന്‍റെ ഗംഭീര ജയം.

നേരത്തെ തന്നെ സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരവും ആധികാരികമായാണ് ജയിച്ചത്. സ്കോർ: പാകിസ്താൻ 18.1 ഓവറിൽ 55 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 57. ഹർമൻപ്രീത് (18 പന്തിൽ 18) ദീപ്തി ശർമ (14 പന്തിൽ 12) എന്നിവരാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. ഷഫാലി വർമ (ആറു പന്തിൽ 12), സ്മൃതി മന്ദാന (11 പന്തിൽ ഒമ്പത്), പ്രതിക റാവൽ (മൂന്നു പന്തിൽ നാല്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഇന്ത്യൻ സ്പിന്നർമാരുടെ മിന്നുംപ്രകടനത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പാക് ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറുകയായിരുന്നു. ഓപണർമാരൊഴികെ ആർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പത് വിക്കറ്റും സ്പിന്നർമാർക്ക് ലഭിച്ചപ്പോൾ ഒരാൾ റണ്ണൗട്ടായി. ശ്രീചരണിയും പ്രേമ റാവത്തും മൂന്നുപേരെ വീതവും ദീപ്തി ശർമ രണ്ടുപേരെയും ഷഫാലി വർമ ഒരാളെയും മടക്കി.

വലിയ പരിക്കില്ലാതെയായിരുന്നു പാകിസ്താന്റെ തുടക്കം. സ്കോർ 27ൽ നിൽക്കെ അഞ്ചാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. 15 പന്തിൽ 13 റൺസ് നേടിയ ഓപണർ മുനീബ അലിയെ പാർട് ടൈം സ്പിന്നർ ഷഫാലി ബൗൾഡാക്കി. തൊട്ടടുത്ത ഓവറിൽ ഗുൽ ഫിറോസയെ (0) ശ്രീചരണിയും പറഞ്ഞുവിട്ടു. ഇതേ ഓവറിലെ അവസാന പന്തിൽ മറ്റൊരു ഓപണർ ശവ്വാൽ സുൽഫീക്കറിനെയും (14 പന്തിൽ 14) ശ്രീചരണി മടക്കിയതോടെ മൂന്നിന് 29. ആയിഷ സഫറും (2) ശ്രീചരണിക്കിരയായി.

പ്രേമക്കായിരുന്നു സദഫ് ഷമാസിന്റെ (3) വിക്കറ്റ്. ഒമ്പത് ഓവർ തികയുമ്പോൾ പാകിസ്താൻ അഞ്ചിന് 35. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽത്തന്നെ ക്യാപ്റ്റൻ ഫാത്തിമ സനയെ (0) ദീപ്തി വിക്കറ്റിന് മുന്നിൽ കുടുക്കി. 14ാം ഓവറിലാണ് അടുത്ത വിക്കറ്റ് വീഴുന്നത്. അഞ്ച് റൺസെടുത്ത അയ്മൻ ഫാത്തിമ റണ്ണൗട്ട്. ഉമ്മി ഹാനിയെയും (6) നഷ്ര സന്ദുവിനെയും (0) പ്രേമയും തൂബ ഹസ്സനെ (9) ദീപ്തിയുമാണ് പുറത്താക്കിയത്.

Tags:    
News Summary - Women's Asia Cup: India Seal 7-Wicket Win In Just 8.4 Overs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.