ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത്, കെ.എൽ രാഹുൽ

പന്തും രോഹിതുമല്ല; ഏകദിന ടീമി​ന് പുതിയ ക്യാപ്റ്റൻ; ഗില്ലിന് ട്വന്റി20യും നഷ്ടമാവും

മുംബൈ: ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശുഭ്മാൻ ഗിൽ ഏകദിനത്തിൽ നിന്നും പുറത്തായതോടെ പുതിയ ക്യാപ്റ്റനെ തേടി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയിലും ഗില്ലിന് കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായി.

വൈസ് ക്യാപ്റ്റനായ ശ്രേയസ് അയ്യർ ആസ്​ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ് നേരത്തെ തന്നെ പുറത്താവുകയും ചെയ്തു. ഇതോടെയാണ് പുതിയ ക്യാപ്റ്റനെ ക​ണ്ടെത്തൽ അനിവാര്യമായി മാറിയത്.

നിലവിൽ ടെസ്റ്റ് ടീമിനെ ഋഷഭ് പന്താണ് നയിക്കുന്നതെങ്കിലും, ഏകദിനത്തിൽ മറ്റൊരു നായക​നെ ഉറപ്പിക്കാനാണ് ബി.സി.സി.ഐ നീക്കം. സീനിയർ താരം കെ.എൽ രാഹുൽ ക്യാപ്റ്റൻസിയിൽ തിരികെയെത്തുമെന്നാണ് വാർത്തകൾ.

നവംബർ 30ന് റാഞ്ചിയിലെ മത്സരത്തോടെ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ മുൻ നായകരായ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ടീമിൽ തിരികെയെത്തുമെങ്കിലും ക്യാപ്റ്റൻസിയിൽ രാഹുൽ തന്നെയാവുമെന്ന് ഏതാണ്ടുറപ്പാണ്. അങ്ങനെയെങ്കിൽ രണ്ടു വർഷത്തിനു ശേഷം രാഹുലിന്റെ ക്യാപ്റ്റൻസിയിലേക്കുള്ള തിരിച്ചുവരവിനാവും പരമ്പര സാക്ഷ്യം വഹിക്കുന്നത്. 2023 ഡിസംബറിൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു രാഹുൽ അവാസനമായി ടീമിനെ നയിച്ചത്.

ടെസ്റ്റ് ടീം നായകനായി പന്തിനെ നിയമിച്ചെങ്കിലും ഏകദിന ടീമിലേക്ക് താരം പരിഗണനയിലില്ല. പരിക്കിനെ തുടർന്ന് നീണ്ട ഇടവേളക്കു ശേഷം ടീമിൽ തിരിച്ചെത്തിയ പന്ത് സമീപകലാത്തായി ഏകദിനങ്ങൾ കളിച്ചിട്ടില്ല. ഒരു വർഷത്തിനിടെ ഒരു ഏകദിന മത്സരം മാത്രമാണ് താരം കളിച്ചത്.

ഡിസംബർ മൂന്നിന് റായ്പൂരിലും ഡിസംബർ ​ആറിന് വിശാഖപട്ടണത്തുമാണ് മറ്റു മത്സരങ്ങൾ.

ഇത് കഴിഞ്ഞ് ആരംഭിക്കുന്ന ട്വന്റി20 മത്സരങ്ങളിലും ശുഭ്മാൻ ഗില്ലിന് കളിക്കാനാവില്ല. ഒന്നാം ടെസ്റ്റിനിടെ കഴുത്ത് വേദനയെ തുടർന്ന് പിൻവാങ്ങിയ, ഗില്ലിന് കൂടുതൽ ചികിത്സയും വിശ്രമവും അനിവാര്യമാണ്.

Tags:    
News Summary - Not Rishabh Pant Or Rohit Sharma; KL Rahul set to return ODI captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.