ബംഗളൂരു: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നേടിയ ഐ.പി.എല്ലിലെ കന്നിക്കിരീട നേട്ടം വമ്പൻ ആഘോഷമാക്കാനായി കാത്തിരുന്ന ആർ.സി.ബി ആരാധകർക്ക് നിരാശ, ബംഗളൂരു നഗരത്തിൽ നടത്താനിരുന്ന വിക്ടറി പരേഡിന് പൊലീസ് അനുമതി നിഷേധിച്ചു. പകരം ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം ആഘോഷം ഒതുങ്ങും.
കിരീടവുമായി ടീം അംഗങ്ങൾ ബംഗളൂരുവിൽ വിമാനം ഇറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് തീരുമാനം. നിരവധി ആരാധകരാണ് വിക്ടറി പരേഡിൽ പങ്കെടുക്കാനായി നഗരത്തിലെത്തിയത്. തുറന്ന ബസിൽ ടീം അംഗങ്ങളുമായി വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചത്. വൈകീട്ട് അഞ്ചു മുതൽ ആറുവരെയാകും ചിന്നസ്വാമിയിൽ ആദരിക്കൽ ചടങ്ങ്. പ്രവേശനം പാസുള്ളവർക്ക് മാത്രമാകും. മൂന്നു മുതൽ രാത്രി എട്ടു വരെ വിധാൻ സൗധക്കും ചിന്നസ്വാമിക്കും ചുറ്റുമുള്ള റോഡിലൂടെയുള്ള ഗതാഗതം ഒഴിവാക്കാൻ പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
രാവിലെ 10ന് അഹ്മദാബാദിൽനിന്ന് ഡൽഹി വഴി ബംഗളൂരുവിലേക്ക് പുറപ്പെട്ട ടീം അംഗങ്ങൾ ഉച്ചക്കുശേഷം ബംഗളൂരുവിൽ എത്തും. വൈകീട്ട് നാലിന് വിധാൻ സൗധയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരമയ്യയുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെയാകും ടീം സ്റ്റേഡിയത്തിൽ എത്തുക. മൂന്നുവട്ടം കൈയെത്തുംദൂരത്ത് കൈവിട്ട കിരീടമാണ് ഒടുവിൽ വിരാട് കോഹ്‍ലിയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും എത്തിപ്പിടിച്ചത്. കന്നിക്കിരീടം തേടിയിറങ്ങിയ ടീമുകൾ തമ്മിലുള്ള കലാശപ്പോരിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്റെ കിരീടധാരണം.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തപ്പോൾ പഞ്ചാബിന്റെ വെല്ലുവിളി 20 ഓവറിൽ ഏഴു വിക്കറ്റിന് 184 റൺസിൽ അവസാനിച്ചു.
ബംഗളൂരു ഇന്നിങ്സിൽ 43 റൺസെടുത്ത കോഹ്‍ലിയായിരുന്നു ടോപ്സ്കോറർ. ക്യാപ്റ്റൻ രജത് പട്ടിദാർ (26), ലിയാം ലിവിങ്സ്റ്റൺ (25), ജിതേഷ് ശർമ (24) എന്നിവരും തിളങ്ങി. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും കെയ്ൽ ജാമിസണും മൂന്നു വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് നിരയിൽ ശശാങ്ക് സിങ്ങും (പുറത്താവാതെ 61) ജോഷ് ഇംഗ്ലിസും (39) മാത്രമാണ് പിടിച്ചുനിന്നത്. നായകൻ ശ്രേയസ് അയ്യർ ഒരു റൺ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന് കനത്ത തിരിച്ചടിയായി. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ക്രുനാൽ പാണ്ഡ്യയും ഭുവനേശ്വർ കുമാറുമാണ് ബംഗളൂരു ബൗളിങ്ങിൽ മിന്നിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.