ഐ.പി.എൽ രണ്ടാം ക്വാളിഫയർ: മുംബൈക്കെതിരെ പഞ്ചാബിന് 204 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: മഴ തുടർന്ന് രണ്ടുമണിക്കൂറിലധികം വൈകി തുടങ്ങിയ ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ മുംബൈക്കെതിരെ പഞ്ചാബിന് 204 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 

സൂര്യകുമാർ യാദവ്, തിലക് വർമ, ജോണി ബെയർസ്റ്റോ,നമൻധിർ എന്നിവരുടെ ബാറ്റിങ് മികവിലാണ് മുംബൈ മികച്ച സ്കോറിലെത്തിയത്. 

മഴയൊഴിഞ്ഞ മൈതാനത്ത് ബാറ്റിങ് ആരംഭിച്ച മുംബൈക്ക് സൂപ്പർ ബാറ്റർ രോഹിതിനെ തുടക്കത്തിലേ നഷ്ടമായി. മാർക്കസ് സ്റ്റോയിനിസിന്റെ പന്തിൽ വൈശാഖിന് ക്യാച്ച് നൽകി രോഹിത് (8) മടങ്ങി. ബെയർസ്റ്റോക്ക് കൂട്ടായി തിലക് വർമ എത്തിയതോടെ സ്കോർ കുതിച്ചുയർന്നു.

ഏഴ് ഓവറിൽ ടീം സ്കോർ 70ൽ നിൽക്കെ ബെയർസ്റ്റോ മടങ്ങി. 24 പന്തിൽ 38 റൺസെടുത്ത ബയർസ്റ്റോ വിജയകുമാർ വൈശാഖിന് വിക്കറ്റ് നൽകി. തുടർന്നെത്തിയ സൂര്യകുമാർ പതിവ് ശൈലിയിൽ ആഞ്ഞടിച്ചതോടെ മുംബൈക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 26 പന്തിൽ 44 റൺസെടുത്ത സൂര്യകുമാർ യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ വധേര പിടിച്ച് പുറത്തായി.

രണ്ടു പന്ത് വ്യത്യാസത്തിൽ തിലക് വർമയും മടങ്ങി. 29 പന്തിൽ 44 റൺസെടുത്ത തിലക് കൈയിൽ ജാമിയേഴ്സന്റെ പന്തിലാണ് പുറത്തായത്. 13 പന്തിൽ 15 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും 18 പന്തിൽ 37 റൺസെടുത്ത നമൻധിറും അസ്മത്തുല്ല ഉമർസായുടെ പന്തിൽ പുറത്തായി. എട്ടുറൺസുമായി രാജ് ബാവയും റൺസൊന്നും എടുക്കാതെ മിച്ചൽ സാന്ററും പുറത്താകാതെ നിന്നു. 

Tags:    
News Summary - mumbai indians vs punjab kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.