മുംബൈ: കായിക ലോകത്തെ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഉസൈൻ ബോൾട്ട്, മൈക്കൽ ജോർദാൻ എന്നിവരുടെ വഴിയേ മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്ര സിങ് ധോണിയും. ക്രിക്കറ്റ് ഫീൽഡിലെ തന്റെ വിളിപ്പേരായ ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്ക് ആക്കാൻ താരം അപേക്ഷ നൽകി.
ജൂൺ അഞ്ചിനാണ് ധോണി അപേക്ഷ നൽകിയത്. ട്രേഡ്മാർക്ക് രജിസ്ട്രി പോർട്ടലിലെ വിവരം അനുസരിച്ച് സ്പോർട്സ് പരിശീലനം, അനുബന്ധ സേവനങ്ങൾ എന്നീ വിഭാഗത്തിലാണു ‘ക്യാപ്റ്റൻ കൂൾ’ ട്രേഡ്മാർക്കിന് താരം അപേക്ഷിച്ചിരിക്കുന്നത്. ഇനിയുള്ള 120 ദിവസം ആരും എതിർപ്പുമായി വന്നില്ലെങ്കിൽ ക്യാപ്റ്റൻ കൂൾ എന്ന പേര് ധോണിക്ക് മാത്രം സ്വന്തമാകും. 2023ലാണ് ധോണി ട്രേഡ്മാർക് സ്വന്തമാക്കാനുള്ള നീക്കം തുടങ്ങിയത്.
നേരത്തെ, പ്രഭ സ്കിൽ സ്പോർട്സ് എന്നൊരു കമ്പനി ക്യാപ്റ്റൻ കൂൾ ട്രേഡ്മാർക്ക് ആക്കാൻ അപേക്ഷ നൽകിയെങ്കിലും പിന്നീടു പിന്മാറി.
ധോണി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏത് സമ്മർദഘട്ടങ്ങളിലും ടീമിനെ ശാന്തമായി നിയന്ത്രിക്കുന്ന ധോണിക്ക് പ്രിയ ആരാധകർ നൽകിയ വിളിപ്പേരാണ് ‘ക്യാപ്റ്റൻ കൂൾ’. ഈ വിളിപ്പേര് സമൂഹമാധ്യമങ്ങളിൽ പിന്നീട് വൈറലായി. ക്രിസ്റ്റ്യാനോ -സിആർ 7, ബോൾട്ട് -വിക്ടറി പോസ്, മൈക്കൽ ജോർദാൻ -എയർ ജോർദാൻ എന്നിവരെല്ലാം ഈ വിളിപ്പേരിന്‍റെ ട്രേഡ് മാർക്ക് സ്വന്തമാക്കിയവരാണ്.
2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ധോണി ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്നുണ്ട്. അഞ്ചു തവമ സി.എസ്.കെയെ കിരീടത്തിലേക്ക് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.