‘അന്താരാഷ്ട്ര ക്രിക്കറ്ററായിട്ടും മതത്തിൽ ഉറച്ചുനിൽക്കുന്നു’; മുഹമ്മദ് സിറാജും ഉംറാൻ മാലിക്കും തിലകക്കുറി ചാർത്തിയില്ല; വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വവാദികൾ

ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം ഈ മാസം ഒമ്പതിന് നാഗ്പൂരിൽ ആരംഭിക്കും. ഇന്ത്യൻ ടീം ഇതിനകം നാഗ്പൂരിലെത്തി പരിശീലനവും തുടങ്ങി. ഇതിനിടെയാണ് ഹോട്ടലിലെത്തിയ ടീം അംഗങ്ങൾക്ക് ജീവനക്കാർ സ്വീകരണം നൽകുന്നതിന്‍റെ ഒരു വിഡിയോ പുറത്തുവന്നത്.

നെറ്റിയിൽ തിലകക്കുറി ചാർത്തി ടീം അംഗങ്ങളെ ഹോട്ടലിലേക്ക് സ്വീകരിക്കുന്നതാണ് വിഡിയോ. ടീമംഗങ്ങൾ വരിവരിയായി ഹോട്ടലിലേക്ക് പ്രവേശിക്കുന്നതും ജീവനക്കാർ താരങ്ങൾക്ക് തിലകം ചാർത്തി നൽകുന്നതും ഇതിൽ കാണാം. എന്നാൽ, താരങ്ങളായ മുഹമ്മദ് സിറാജും ഉംറാൻ മാലിക്കും തിലകക്കുറി സ്വീകരിക്കുന്നില്ല. ഇതൊരു പഴയ വിഡിയോയാണ്.

ഇതിനെയാണ് സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിനുള്ള അവസരമാക്കി ഹിന്ദുത്വവാദികൾ മാറ്റിയിരിക്കുന്നത്. നാഗ്പൂരിലെ ഹോട്ടലിലെത്തിയപ്പോൾ എന്ന പേരിലാണ് ഈ വിഡിയോ പ്രചരിപ്പിക്കുന്നത്. എന്നാൽ, ബോർഡർ-ഗവാസ്കർ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിൽ യുവ പേസർ ഉംറാൻ മാലിക്കില്ല. ഇതെല്ലാം മറച്ചുവെച്ചാണ് വിദ്വേഷ പ്രചാരണം.

സിറാജ് കയറിവന്നപ്പോൾ തിലകം സ്വീകരിക്കാതെ പോകുകയായിരുന്നു. പിന്നാലെ വന്ന ഉംറാൻ മാലിക്കും തിലകക്കുറി സ്വീകരിച്ചില്ല. ഇതിന്‍റെ വിഡിയോ മാത്രം ട്വിറ്റർ അടക്കമുള്ള സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചാണ് ഹിന്ദുത്വവാദികൾ ഇരുവരെയും വിമർശിക്കുന്നത്. എന്നാൽ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും മറ്റൊരു സപ്പോട്ടിങ് സ്റ്റാഫായ ഹരിപ്രസാദ് മോഹനും തിലകം അണിയാൻ വിസമ്മതിക്കുന്നതും വിഡിയോയിലുണ്ട്.

ഇക്കാര്യം ഹിന്ദുത്വവാദികൾ പരാമർശിക്കുന്നേയില്ല. വിദ്വേഷ പ്രചാരണം അതിരുകടന്നതോടെ താരങ്ങളെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. സുദർശൻ ന്യൂസ് ടി.വി ചീഫ് മാനേജിങ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ സുരേഷ് ചാവങ്കെയടക്കമുള്ളവരാണ് വിദ്വേഷ പ്രചാരണം നടത്തുന്നത്. ‘മുഹമ്മദ് സിറാജും ഉംറാൻ മാലിക്കും സ്വീകരണത്തിൽ നെറ്റിയിൽ തിലകം ചാർത്തിയില്ല പുരട്ടിയില്ല. അവൻ ഇന്ത്യൻ ടീമിന്റെ കളിക്കാരാണ്, പാകിസ്താന്‍റെയല്ല. അന്താരാഷ്ട്ര ക്രിക്കറ്ററായതിനുശേഷവും അവർ മതത്തിൽ ഉറച്ചുനിൽക്കുന്നു. ഉണരൂ’ -വിഡിയോ അടക്കം സുരേഷ് ചാവങ്കെ ട്വീറ്റ് ചെയ്തു.

അവർ ഈ നിലയിലെത്തിയിട്ടും മതഭ്രാന്തരാണെന്ന് ബി.ജെ.പി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന അരുൺ യാദവ് കുറിച്ചു. ഇന്ത്യൻ സംസ്‌കാര പ്രകാരം തിലകം ചാർത്താൻ സിറാജും ഉംറാനും വിസമ്മതിച്ചെന്ന് ചിലർ കുറ്റപ്പെടുത്തി. ഹിന്ദുത്വ അക്കൗണ്ടുകളിൽ സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാൽ തിലകം അണിയുന്നത് ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടമാണെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. വിക്രം റാത്തോഡും ഹരിയും തിലകമണിയാത്തത് ഉയർത്തിക്കാട്ടേണ്ടതില്ലെ എന്നും, സിറാജിനും ഉംറാനും തിലകക്കുറിയണിയാതെ മാറിനിൽക്കാൻ അവകാശമുണ്ടെന്നും പലരും ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാനെതിരെ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവർ ഇപ്പോൾ ഉംറാനും സിറാജിനുമെതിരെ തിരിഞ്ഞിരിക്കുകയാണെന്ന് ഒരാൾ വിമർശിച്ചു.

അതിനിടെ ഉംറാൻ മുമ്പ് തിലകമണിഞ്ഞ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മുമ്പ് ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ഏകദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ക്രിക്കറ്റർമാരിൽ നിരവധി പേർ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - Mohammed Siraj, Umran Malik’s refusal to tilak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.