ആഘോഷം അതിരുവിട്ടു, സിറാജിന് പണികിട്ടി! പിഴ ചുമത്തി ഐ.സി.സി; കാരണം ഇതാണ്...

ലണ്ടന്‍: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പിഴ ചുമത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ലോര്‍ഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് താരത്തിനെതിരെ നടപടി.

നാലാംദിനം രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയതിന് പിന്നാലെ സിറാജ് നടത്തിയ ആഘോഷം അതിരുവിട്ടിരുന്നു. ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ വൺ പ്രകാരമുള്ള കുറ്റത്തിന് മാച്ച് ഫീയുടെ 15 ശതമാനമാണ് താരത്തിന് പിഴ ചുമത്തിയത്. ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചു. രണ്ടു വർഷത്തിനിടെ താരത്തിന് ഇത് രണ്ടാം തവണയാണ് ഡീമെറിറ്റ് പോയന്‍റ് ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ ഏഴിന് ആസ്ട്രേലിയക്കെതിരായ അഡ്ലെയ്ഡ് ടെസ്റ്റിലും താരത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ഞായറാഴ്ച ഇംഗ്ലണ്ട് ബാറ്റിങ്ങിനിടെ ആറാം ഓവറിലായിരുന്നു സംഭവം. 12 റൺസെടുത്ത ഡക്കറ്റിനെ ജസ്പ്രീത് ബുംറയുടെ കൈകളിലെത്തിച്ച ശേഷം സിറാജ് ഇംഗ്ലീഷ് ബാറ്ററുടെ തൊട്ടടുത്തുപോയി വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നു. ഇത് ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. ഡക്കറ്റിന്റെ തോളിൽ സിറാജ് തട്ടുകയും ചെയ്തു. ഒരു അന്താരാഷ്ട്ര മത്സരത്തിനിടെ ബാറ്ററെ പുറത്താക്കുമ്പോള്‍ അധിക്ഷേപിക്കുന്നതോ, ആക്രമണാത്മക പ്രതികരണമോ നടത്തുന്നത് ഐ.സി.സി വിലക്കിയിട്ടുണ്ട്. സിറാജ് കുറ്റം സമ്മതിച്ചതായും മാച്ച് റഫറി നിർദേശിച്ച ശിക്ഷാ നടപടി അംഗീകരിക്കുകയും ചെയ്തു.

അതുകൊണ്ട് ഔപചാരിക വാദം കേൾക്കൽ ആവശ്യമില്ലെന്നും ഐ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു. സിറാജിന്റെ പെരുമാറ്റത്തിനെതിരെ അമ്പയർമാർ നൽകിയ പരാതിയിലാണ് ഐ.സി.സി അച്ചടക്ക നടപടിയെടുത്തത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകള്‍ നേടുന്ന കളിക്കാര്‍ക്ക് മത്സരവിലക്ക് നേരിടേണ്ടിവരും. അതേസമയം, ലോർഡ്സ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനായി പൊരുതുകയാണ്. രണ്ടു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനിയും 55 റൺസ് വേണം. 115 പന്തിൽ 39 റൺസുമായി രവീന്ദ്ര ജദേജയും 36 പന്തിൽ നാലു റൺസുമായി ജസ്പ്രീത് ബുംറയുമാണ് ക്രീസിലുള്ളത്.

Tags:    
News Summary - Mohammed Siraj Fined By ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.