കൊൽക്കത്ത: അതിരു തർക്കത്തിന്റെ പേരിൽ അയൽക്കാരിയെ മർദിച്ചെന്ന പരാതിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാനും മകൾക്കുമെതിരെ പൊലീസ് കേസ്. ഹസിൻ ജഹാന്റെ അയൽക്കാരിയായ ഡാലിയ ഖാത്തുൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മർദനത്തിനു പുറമെ കൊലപാതക ശ്രമം, ഗൂഢാലോചന കുറ്റങ്ങൾ കൂടി ചുമത്തിയാണ് കേസെടുത്തത്. ഹസിൻ ജഹാന്‍ അയൽക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.
ബംഗാളിലെ ബിർഭും ജില്ലയിലെ സുരി നഗരത്തിൽ ഷമിയുടെ മകളുടെ പേരിലുള്ള ഭൂമിയിലെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് പൊലീസ് കേസിലെത്തിയത്. ഹസിൻ ജഹാൻ ഈ ഭൂമിയിൽ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിരുന്നു. എന്നാൽ ഇത് തർക്ക ഭൂമിയാണെന്ന് ഉന്നയിച്ച് അയൽക്കാരിയായ ഡാലിയ ഖാത്തൂൻ തടയാൻ ശ്രമിച്ചു. ഇതാണ് കയ്യേറ്റത്തിൽ കലാശിച്ചത്. നിർമാണ സ്ഥലത്തെ വസ്തുക്കൾ എടുത്തു മാറ്റിയ ഡാലിയയെ ഹസിൻ ജഹാൻ തള്ളുന്നതാണു പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.
ഹസിൻ ജഹാനും ഷമിയുടെ മകളും ചേർന്ന് തന്നെ വധിക്കാൻ ശ്രമിച്ചെന്ന് ഡാലിയ പരാതിയിൽ ആരോപിച്ചു. അതേസമയം ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹസിൻ ജഹാനും മകൾക്കും ജീവിക്കാനായി ഷമി മാസം നാലു ലക്ഷം രൂപ നൽകണമെന്ന് അടുത്തിടെ കൽക്കട്ട ഹൈകോടതി വിധിച്ചിരുന്നു. ഹസിന് ഒന്നര ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് രണ്ടര ലക്ഷം രൂപയും നൽകണം.
ഏഴുവര്‍ഷം മുമ്പാണ് ജീവനാംശമായി ഏഴു ലക്ഷം രൂപയും മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ട് ഹസിൻ ആദ്യമായി കോടതിയെ സമീപിക്കുന്നത്. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് കോടതി ഹരജി തള്ളി. എന്നാല്‍ ഹസിൻ നിയമപോരാട്ടം തുടർന്നു. കുടുംബത്തിന്‍റെ മാസവരുമാനം ആറര ലക്ഷം രൂപക്ക് മുകളിൽ വരുന്നുണ്ടെന്നും മുൻ ഭർത്താവായ ഷമിയുടെ വാർഷിക വരുമാനം ഏഴര കോടി രൂപക്കു മുകളിലാണെന്നും ഹസിൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.