യു.കെയിൽ മുഹമ്മദ് ഷമിയുടെ കണങ്കാൽ ശസ്ത്രക്രിയ വിജയകരം; ടീമിലേക്ക് തിരിച്ചെത്താൻ സമയമെടുക്കും

ലണ്ടൻ: യു.കെയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ കണങ്കാൽ ശസ്ത്രക്രിയ വിജയകരം. സമൂഹമാധ്യമത്തിലൂടെ ഷമി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

‘കണങ്കാലിലെ ശസ്ത്രക്രിയ വിജയകരമായിരുന്നു. സുഖം പ്രാപിക്കാൻ സമയമെടുക്കും, എത്രയും വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -താരം എക്സിൽ കുറിച്ചു. മൈതാനത്തേക്ക് തിരിച്ചെത്താൻ സമയമെടുക്കുന്നതിനാൽ ഷമിക്ക് ഐ.പി.എൽ സീസൺ പൂർണമായി നഷ്ടമാകും. താരത്തിന്‍റെ അഭാവം ഗുജറാത്ത് ടൈറ്റൻസിന് കനത്ത തിരിച്ചടിയാണ്.

കാലിലെ പരിക്കു കാരണം 33കാരനായ ഷമി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്നില്ല. നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെയാണ് താരം അവസാനമായി ഇന്ത്യക്കായി കളിച്ചത്. കാലിലെ വേദന സഹിച്ചാണ് ലോകകപ്പ് മത്സരങ്ങൾ കളിച്ചത്. ജനുവരി അവസാന ആഴ്ചയിൽ ലണ്ടനിലെത്തി ഇടതു കണങ്കാലിൽ പ്രത്യേക കുത്തിവെപ്പ് എടുത്തിരുന്നു. കുത്തിവെപ്പ് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയക്ക് വിധേയനായത്.

ഏകദിന ലോകകപ്പിൽ തകർപ്പൻ ബൗളിങ്ങുമായി ആരാധകരുടെ മനംകവർന്നിരുന്നു താരം. ഏഴു മത്സരങ്ങളിൽനിന്ന് 24 വിക്കറ്റുകൾ നേടി ടൂർണമെന്‍റിലെ വിക്കറ്റുവേട്ടക്കാരിൽ ഒന്നാമനായി. താരത്തിന് അർജുന പുരസ്കാരം നൽകിയാണ് രാജ്യം ആദരിച്ചത്. താരത്തിന് ബംഗ്ലാദേശ്, ന്യൂസിലൻഡ് ടീമുകൾക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരകളും നഷ്‍ടമായേക്കും. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ ഷമി ടീമിലേക്കു മടങ്ങിയെത്താനാണു സാധ്യത.

Tags:    
News Summary - Mohammed Shami undergoes successful surgery in UK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.