മുഹമ്മദ് ഷമി ഹസിൻ ജഹാനൊപ്പം (ഫയൽ ചിത്രം)
വേർപിരിഞ്ഞ് കഴിയുന്ന ഭാര്യ ഹസിൻ ജഹാനും മകള്‍ക്കും പ്രതിമാസം നാലുലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഇന്ത്യന്‍ പേസർ മുഹമ്മദ് ഷമിയോട് ബുധനാഴ്ചയാണ് കൽക്കട്ട ഹൈകോടതി ഉത്തരവിട്ടത്. ഹസിന് ഒന്നര ലക്ഷം രൂപയും പ്രായപൂർത്തിയാകാത്ത മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് രണ്ടര ലക്ഷം രൂപയും നൽകണമെന്നാണ് ജസ്റ്റിസ് അജയ് മുഖർജിയുടെ ഉത്തരവ്. ഇതിനു പിന്നാലെ തന്‍റെ ജോലി ഉപേക്ഷിച്ച് വീട്ടമ്മയാകാൻ ഷമി നിർബന്ധിക്കുകയായിരുന്നുവെന്ന ആരോപണവുമായി ഹസിൻ രംഗത്ത് വന്നിരിക്കുകയാണ്.
“വിവാഹത്തിനു മുമ്പ് ഞാൻ നടിയും മോഡലുമായിരുന്നു. ജോലി ഉപേക്ഷിക്കാൻ ഷമി എന്നെ നിർബന്ധിച്ചു. ഒരു വീട്ടമ്മയായി ഞാൻ ജീവിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. ഷമിയെ അത്രയധികം സ്നേഹിച്ചതിനാൽ ഞാൻ അതംഗീകരിച്ചു. എന്നാലിപ്പോൽ എനിക്ക് സ്വന്തമായി വരുമാനമില്ല. ഞങ്ങളുടെ ചെലവിനായുള്ള പണം തരേണ്ട ഉത്തരവാദിത്തം ഷമിക്കുണ്ട്. അത് നിഷേധിച്ചതോടെയാണ് കോടതിയെ സമീപിക്കേണ്ടിവന്നത്. ആളുകൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് നിർദേശിക്കുന്ന നിയമം നമ്മുടെ രാജ്യത്തുണ്ടെന്നതിന് ദൈവത്തിനോട് നന്ദി പറയുന്നു.
നിങ്ങൾ ഒരാളുമായി വിവാഹ ബന്ധത്തിലേർപ്പെടുമ്പോൾ അയാൾ മോശം സ്വഭാവക്കാരനാണെന്നോ ക്രിമിനലാണെന്നോ നിങ്ങളുടെയും മക്കളുടെയും ഭാവിവെച്ച് കളിക്കുമെന്നോ മുഖത്ത് എഴുതിവെച്ചിട്ടില്ലല്ലോ. ഞാനും ഗാർഹിക പീഡനത്തിന് ഇരയാകുകയായിരുന്നു. മകളുടെ ജീവിതം നശിപ്പിക്കണമെന്ന പിടിവാശി അദ്ദേഹം ഒഴിവാക്കണം. ഞാൻ നീതിയുടെയും അദ്ദേഹം അനീതിയുടെയും പാതയിലായതിനാൽ എന്നെ തകർക്കാൻ ഷമിക്കാകില്ല” -വാർത്ത ഏജൻസിയായ എ.എൻ.ഐയോട് ഹസിൻ പ്രതികരിച്ചു. നേരത്തെ ഹസിന്‍റെ ആരോപണങ്ങൾ തള്ളിയ ഷമി, ഇത്തവണ പ്രതികരിക്കാൻ തയാറായിട്ടില്ല.
ബുധനാഴ്ച ഹസിൻ നൽകിയ കേസിൽ വിധി വന്നതോടെ ഇരുവരും തമ്മിലുള്ള വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് കൂടിയാണ് അവസാനമാകുന്നത്. ഏഴുവര്‍ഷം മുമ്പാണ് ജീവനാംശമായി ഏഴു ലക്ഷം രൂപയും മകളുടെ പഠനം ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്നു ലക്ഷം രൂപയും ആവശ്യപ്പെട്ട് ഹസിൻ ആദ്യമായി കോടതിയെ സമീപിക്കുന്നത്. മോഡലിങ് വഴി ജഹാന്‍ പണം സമ്പാദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്ന് കോടതി ഹരജി തള്ളി.
എന്നാല്‍ ഹസിൻ നിയമപോരാട്ടം തുടർന്നു. ഇതിനിടെ ആലിപുർ കോടതി മുൻ ഭാര്യക്കും മകൾക്കും ജീവനാംശനമായി 80,000 രൂപ നൽകാൻ ഉത്തരവിട്ടു. പിന്നീട് ഭാര്യക്ക് 50,000 രൂപയും മകൾക്ക് 80,000 രൂപയും നൽകണമെന്ന് പറഞ്ഞ് ഉത്തരവ് പരിഷ്കരിച്ചു. പിന്നാലെയാണ് ഹസിൻ കൽക്കട്ട ഹൈകോടതിയെ സമീപിച്ചത്. കുടുംബത്തിന്‍റെ പ്രതിമസ ചെലവ് ആറര ലക്ഷം രൂപക്ക് മുകളിൽ വരുന്നുണ്ടെന്നും മുൻ ഭർത്താവായ ഷമിയുടെ വാർഷിക വരുമാനം ഏഴര കോടി രൂപക്കു മുകളിലാണെന്നും ഹസിൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിവാഹബന്ധം വേര്‍പെടുത്തിയതോടെ ഹസിന്‍ ജഹാനൊപ്പമാണ് മകൾ താമസിക്കുന്നത്. 2012ല്‍ ഐ.പി.എല്ലിനിടെ പ്രണയത്തിലായ ഇരുവരും 2014 ജൂണിലാണ് വിവാഹിതരായത്. ഷമിയുടെ വരുമാനം കണക്കിലെടുത്താണ് ഇപ്പോൾ കോടതി പ്രതിമാസം നാലുലക്ഷം നല്‍കാൻ ഉത്തരവിട്ടത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഷമി കളിക്കുന്നില്ല. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് താരത്തെ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ കണങ്കാൽ ശസ്ത്രക്രിയക്കു വിധേയനായ 34കാരൻ, ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്ക് എത്താനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.