ഇന്ത്യൻ വനിത ടീമിൽ ഇടംപിടിച്ച് മിന്നു മണി; സീനിയർ ടീമിലെത്തുന്ന ആദ്യ മലയാളി വനിത താരം

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമിൽ ഇടംപിടിച്ച് മലയാളി താരം മിന്നു മണി. 18 അംഗ ടീമിലാണ് ആള്‍റൗണ്ടറായ മിന്നു ഇടംനേടിയത്. കേരളത്തിൽനിന്ന് ഇന്ത്യൻ സീനിയർ ടീമിലെത്തുന്ന ആദ്യ വനിത താരമാണ് മിന്നു മണി. നേരത്തെ, ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു.

ഇടംകൈയന്‍ ബാറ്ററും സ്പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായിരുന്നു. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വർഷമായി ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങി.

പ്രമുഖ താരങ്ങളായ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിനെയും പേസർ രേണുക സിങ്ങിനെയും ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇരുവരെയും പുറത്താക്കാനുള്ള കാരണം ബി.സി.സി.ഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളര്‍ ശിഖ പാണ്ഡെ, ഇടങ്കൈയൻ സ്പിന്നര്‍മാരായ രാജേശ്വരി ഗെയ്ക്‍വാദ്, രാധ യാദവ് എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ.

ട്വന്റി 20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘ്ന, പൂജ വസ്ത്രകാര്‍, മേഘ്ന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, മിന്നു മണി.

Tags:    
News Summary - Minnu Mani in Indian women's squad for Bangladesh tour; The first Malayali female player to join the senior team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.