മൈക്കൽ ക്ലാർക്ക്

‘ചർമാർബുദം ഒരു സത്യമാണ്...’; ഓസീസ് ക്രിക്കറ്റർ മൈക്കൽ ക്ലാർക്കിന് രോഗം സ്ഥിരീകരിച്ചു; എല്ലാവരും ജാഗ്രത പുലർത്തണമെന്ന് താരം

സിഡ്നി: ആസ്ട്രേലിയൻ ക്രിക്കറ്ററും മുൻ നായകനുമായ മൈക്കൽ ക്ലാർക്കിന് ചർമാർബുദം സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പതിവായുള്ള ആരോഗ്യ പരിശോധന ആരും മുടക്കരുതെന്നും താരം ഓർമപ്പെടുത്തി.

‘ചർമാർബുദം ഒരു സത്യമാണ്! പ്രത്യേകിച്ച് ആസ്ട്രേലിയയിൽ. ഇന്ന് എന്റെ മൂക്കിൽനിന്ന് മറ്റൊന്നുകൂടി മുറിച്ചുമാറ്റി. നിങ്ങളുടെ ചർമം പരിശോധിക്കാൻ സ്നേഹത്തോടെ ഓർമപ്പെടുത്തുന്നു. പ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്, പക്ഷേ എന്റെ കാര്യത്തിൽ, പതിവ് പരിശോധനകളും നേരത്തെയുള്ള കണ്ടെത്തലും നിർണായകമായി. ഡോക്ടർ അത് നേരത്തെ കണ്ടെത്തിയതിൽ വളരെ നന്ദിയുണ്ട്’ -ക്ലാർക്ക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതോടൊപ്പം മൂക്കിന്‍റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓസീസ് ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളാണ് ക്ലാർക്ക്. 2004 മുതൽ 2015 വരെയുള്ള ക്രിക്കറ്റ് കരിയറിൽ 115 ടെസ്റ്റുകളിലും 245 ഏകദിനങ്ങളിലും 34 ട്വന്‍റി 20കളിലും ഓസീസ് കുപ്പായത്തിൽ കളിച്ചു. 74 ടെസ്റ്റുകളിലും (47 ജയം, 16 തോല്‍വി) 139 ഏകദിനങ്ങളിലും ഓസീസിനെ നയിച്ചു. ക്ലാര്‍ക്കിന് കീഴിലാണ് 2013-14ല്‍ ഓസീസ് ആഷസ് തിരിച്ചു പിടിച്ചതും 2015 ലെ ഏകദിന ലോകകപ്പ് സ്വന്തമാക്കിയതും.

നിയന്ത്രണാതീതമായി ചര്‍മ കോശങ്ങള്‍ വളരുന്നതിനെ തുടര്‍ന്നാണ് ചർമാർബുദം ഉണ്ടാരുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേക്ക് നേരിട്ട് പതിക്കുന്നതാണ് പ്രധാന കാരണം. ലോകത്ത് ചർമാർബുദ നിരക്ക് ഏറ്റവുമധികമുള്ള രണ്ടാമത്തെ രാജ്യമാണ് ആസ്ട്രേലിയ. ഭൂമധ്യരേഖയോട് ചേര്‍ന്ന് കിടക്കുന്നതിനാല്‍ തന്നെ ഇവിടെ പതിക്കുന്ന അള്‍ട്രാവയലറ്റ് വികരണങ്ങളുടെ തോതും കൂടുതലാണ്.

Tags:    
News Summary - Michael Clarke, Australian Cricket Legend, Diagnosed With Skin Cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.