ബാറ്റ് ക്രീസിന് മുകളിൽ, അമ്പയറോട് പ്രതിഷേധിക്കുന്ന മുനീബ

പാകിസ്താന് വീണ്ടും തിരിച്ചടി; മുനീബ അലിയുടെ റണ്ണൗട്ട് വിവാദത്തിൽ പ്രതികരണവുമായി എം.സി.സി

മെൽബൺ: ‘ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമെ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. ക്രീസിന് പുറത്ത് നിന്ന് അവർ ബാറ്റ് ക്രീസിൽ കുത്തുകയായിരുന്നു, കാലുകൾ ക്രീസിന് പുറത്തായിരുന്നു’ എം.സി.സി വ്യക്തമാക്കി.

പാകിസ്താൻ ഓപണർ മുനീബ അലിയുടെ റൺ ഔട്ട് വിവാദവുമായി ബന്ധപ്പെട്ട സാഹചര്യം വിശദീകരിച്ചുകൊണ്ട്, മൂന്നാം അമ്പയറുടെ തീരുമാനം പൂർണമായും ശരിയാണെന്നും നിയമങ്ങൾ അനുസരിച്ചാണെന്നും മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വനിത ഏകദിന ലോകകപ്പ് മത്സരത്തിനിടെയാണ് ഞായറാഴ്ച സംഭവം നടന്നത്, മത്സരത്തിൽ ഇന്ത്യ 88 റൺസിന് വിജയിച്ചു.

ഇന്ത്യ ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, നാലാം ഓവറിലെ അവസാന പന്തിൽ മുനീബ അലി എൽ.ബി.ഡബ്ല്യു അപ്പീലിൽനിന്ന് രക്ഷപ്പെട്ടെങ്കിലും, അവർ ക്രീസിൽ നിന്ന് പുറത്ത് നിൽകുമ്പോൾ, ദീപ്തി ശർമയുടെ ത്രോ സ്റ്റമ്പിൽ തട്ടി. മുനീബ അലിയുടെ ബാറ്റ് ആദ്യം ക്രീസിനുള്ളിൽ കുത്തിയിരുന്നു, പക്ഷേ പന്ത് സ്റ്റമ്പിൽ തട്ടിയപ്പോൾ ബാറ്റ് വായുവിലായിരുന്നു. മൂന്നാം അമ്പയർ കരിൻ ക്ലാസ്റ്റെ റൺ ഔട്ടായി പ്രഖ്യാപിച്ചു.

മുനീബ റണ്ണിന് ശ്രമിച്ചില്ലെന്നും ബാറ്റ് ക്രീസിലുണ്ടായിരുന്നെന്നും പറഞ്ഞ് പാകിസ്താൻ ക്യാപ്റ്റൻ ഫാത്തിമ സന ​​ഖാൻ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ചു. ‘തീരുമാനം പൂർണമായും ക്രിക്കറ്റ് നിയമങ്ങൾക്കനുസൃതമായിരുന്നു. ഒരു തെറ്റും സംഭവിച്ചിട്ടില്ല’ എം.സി.സി അമ്പയറുടെ തീരുമാനം ശരിവെക്കുകയായിരുന്നു.

എം.സി.സി നിയമം 30.1.2 ഉദ്ധരിച്ചു. ‘ഒരു ബാറ്റർ, ക്രീസിലേക്ക് ഓടുമ്പോഴോ ഡൈവ് ചെയ്യുമ്പോഴോ, തന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗം (ബാറ്റ് അല്ലെങ്കിൽ ശരീരം) ക്രീസും കടന്ന് അപ്പുറത്ത് നിലത്ത് മുട്ടുകയും തുടർന്ന് സമ്പർക്കം നഷ്ടപ്പെടുകയും ചെയ്താൽ, അയാൾ അല്ലെങ്കിൽ അവർ പുറത്താകില്ല’ എന്ന് ഈ നിയമം പറയുന്നു.

‘ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്യുന്ന ബാറ്റർമാർക്ക് മാത്രമ ഈ നിയമം ബാധകമാകൂ. മുനീബ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തിരുന്നില്ല. അവർ ക്രീസിന് പുറത്ത് നിന്ന് ബാറ്റ് ക്രീസിൽ കുത്തുകയായിരുന്നു, അവരുടെ കാലുകൾ ക്രീസിൽ കയറിയതേയില്ല.

എം.സി.സി വ്യക്തമാക്കി, ‘മുനീബയുടെ ബാറ്റ് കുറച്ചുനേരം ക്രീസിൽ ഉണ്ടായിരുന്നു, പക്ഷേ പന്ത് വിക്കറ്റുകളിൽ തട്ടിയപ്പോൾ വായുവിലായിരുന്നു. അവർ ഓടുകയോ ഡൈവ് ചെയ്യുകയോ ചെയ്തില്ല, അതിനാൽ ‘ബൗൺസിങ് ബാറ്റ്’ നിയമത്തിന്റെ പ്രയോജനം അവർക്ക് ലഭിച്ചില്ല. മൂന്നാം അമ്പയർ ശരിയായ നിയമങ്ങൾ പാലിച്ചുവെന്നും അവർ റൺ ഔട്ട് പ്രഖ്യാപിച്ചുവെന്നും എം.സി.സി പറഞ്ഞു. ഇന്ത്യ പാകിസ്താനെ 43 ഓവറിൽ 159 റൺസിന് ഓൾ ഔട്ടാക്കി വിജയം നേടിയിരുന്നു.

Tags:    
News Summary - MCC responds to Muneeb Ali's run-out controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.