മാസ്റ്റർ ബ്ലാസ്റ്റർ സചിൻ റിട്ടേൺസ്; ലോകകപ്പ് ടീമിലെടുക്കണമെന്ന് ആരാധകർ

ലോകം കണ്ട ബാറ്റിങ് ഇതിഹാസങ്ങളിലൊരാളാണ് സചിൻ ടെണ്ടുൽകർ. വയസ്സ് 49 കഴിഞ്ഞിട്ടും തന്റെ കളിമികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് ക്രിക്കറ്റിൽനിന്ന് വിരമിച്ച് ഒമ്പത് വർഷത്തിന് ശേഷവും തെളിയിക്കുകയാണ് താരം. റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെ ഇന്ത്യൻ ലെജൻഡ്സിന്റെ ക്യാപ്റ്റൻ കൂടിയായ സചിൻ അടിച്ചുകൂട്ടിയത് 20 പന്തിൽ 40 റൺസാണ്. മൂന്ന് വീതം സിക്സും ഫോറും അദ്ദേഹത്തിന്റെ ബാറ്റിൽനിന്ന് പിറന്നു. ടീമിനെ 40 റൺസ് വിജയത്തിലേക്ക് നയിക്കുന്നതിൽ ഈ മനോഹര ഇന്നിങ്സ് നിർണായകവുമായി.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 16 റൺസടിച്ച താരം ന്യൂസിലാൻഡിനെതിരെ 13 പന്തിൽനിന്ന് പുറത്താകാതെ 19 റൺസുമെടുത്തിരുന്നു. എന്നാൽ, വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് വിശ്വരൂപം പുറത്തെടുത്തത്. രണ്ടാം ഓവറിൽ ക്രിസ് ട്രെംലറ്റിനെതിരെ രണ്ട് സിക്സും ഒരു ഫോറും പറത്തി ആരാധകരെ മാസ്റ്റർ ബ്ലാസ്റ്റർ ആവേശത്തിലാക്കി. ആദ്യ സിക്സർ ഫൈൻലെഗിലേക്കായിരുന്നെങ്കിൽ, രണ്ടാമത്തേത് 1998ൽ ഷാർജയിൽ പുറത്തെടുത്ത ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ക്രീസിന് പുറത്തേക്കിറങ്ങി ലോങ്ഓണിലെ ഗാലറിയിലാണ് പന്തെത്തിയത്. സച്ചിന്റെ ഈ സിക്സർ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ ട്വന്റി 20 ലോകക്കപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് വരെ ചിലർ ആവശ്യപ്പെടുന്നുണ്ട്. തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പല ഷോട്ടുകളും അദ്ദേഹം മത്സരത്തിൽ പുറത്തെടുത്തു. ഓപണിങ് വിക്കറ്റിൽ നമാൻ ഓജക്കൊപ്പം സച്ചിൻ അർധസെഞ്ചറി കൂട്ടുകെട്ടും പടുത്തുയർത്തി. 34 പന്തിൽ ഇരുവരും അടിച്ചുകൂട്ടിയത് 65 റൺസാണ്.

മഴ കാരണം 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ്. എന്നാൽ, ഇംഗ്ലണ്ടിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസിൽ അവസാനിച്ചു. നമാൻ ഓജ 17 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 20 റൺസെടുത്തു. 15 പന്തുകൾ നേരിട്ട യുവരാജ് സിങ്, ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നപ്പോൾ യൂസുഫ് പത്താൻ 11 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 27 റൺസെടുത്തു. സുരേഷ് റെയ്ന (എട്ടു പന്തിൽ 12), സ്റ്റുവർട്ട് ബിന്നി (11 പന്തിൽ 18), ഇർഫാൻ പത്താൻ (ഒമ്പത് പന്തിൽ പുറത്താകാതെ 11) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ പ്രകടനം. ഇംഗ്ലണ്ടിനായി സ്റ്റീഫൻ പാരി മൂന്ന് ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

19 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 29 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഫിൽ മസ്റ്റാർഡാണ് ഇംഗ്ലണ്ട് നിരയിൽ ടോപ് സ്കോററായത്. ക്രിസ് ട്രെംലെറ്റ് 16 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു. ടിം അംബ്രോസ് 11 പന്തിൽ 16 റൺസെടുത്തു. ഇന്ത്യക്കായി രാജേഷ് പവാർ മൂന്ന് ഓവറിൽ 12 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. സ്റ്റുവർട്ട് ബിന്നി, പ്രഗ്യാൻ ഓജ, മൻപ്രീത് ഗോണി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - Master Blaster Sachin Returns; Fans want to be included in the World Cup team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT