ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനും മുൻ ഓപ്പണിങ് ബാറ്ററുമായ ഗൗതം ഗംഭീറിനെതിരെ വിവാദ പരാമർശങ്ങളുമായി മനോജ് തിവാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് തനിക്കും ഗംഭീറിനുമിടയിലുണ്ടായ ഒരു വാക്കേറ്റത്തെക്കുറിച്ച് മനസ് തുറക്കുകയാണ് തിവാരി. അന്നത്തെ വാക്കേറ്റം കയ്യാങ്കളിയോളമെത്തിയെന്നാണ് തിവാരി പറയുന്നത്. ഇതിന് മുമ്പും ഗംഭീറിനെതിരെ തിവാര് ആഞ്ഞടിച്ചിരുന്നു.
'പുതിയൊരു താരം വളർന്നു വരുമ്പോൾ അയാൾക്ക് മാധ്യമ ശ്രദ്ധ കിട്ടും എന്നത് ഒരു യാഥാർത്ഥ്യമാണ്. ചിലപ്പോൾ ഗംഭീറിന് എന്നോടുണ്ടായിരുന്ന അമർഷം അത് കാരണത്താലാവാം. എനിക്കൊരു പി.ആർ ടീമുണ്ടായിരുന്നെങ്കിൽ ഇന്ന് ഞാൻ ഇന്ത്യൻ ക്യാപ്റ്റൻ വരെ ആയേനെ.
ഒരിക്കൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെ എന്റെ ബാറ്റിങ് പൊസിഷൻ സംബന്ധിച്ച് ഈഡൻ ഗാർഡനിൽ ഞങ്ങൾ തമ്മിൽ വലിയ വാക്കുതർക്കമുണ്ടായി. ഞാൻ വലിയ വിഷമത്തോടെ വാഷ്റൂമിലേക്ക് നടന്നു. ഗംഭീർ അങ്ങോട്ട് വന്ന് ഈ സ്വഭാവം നടക്കില്ലെന്നും ഞാൻ നിന്നെ ഒരു മത്സരത്തിലും കളിപ്പിക്കില്ലെന്നും പറഞ്ഞു.. നിങ്ങളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. അതൊരു അടിയുടെ വക്കിലെത്തി. അന്നത്തെ ബൗളിങ് കോച്ച് വസിം അക്രം ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്,' തിവാരി പറഞ്ഞു.
'ഡൽഹി-ബംഗാൾ രഞ്ജി ട്രോഫി മത്സരത്തിനിടെയിലും അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. ഫീൽഡിങ്ങിന് ഇറങ്ങുന്നതിന് മുമ്പ് ഞാൻ സൺസ്ക്രീൻ പുരട്ടുകയായിരുന്നു. ഗംഭീർ പെട്ടന്ന് എന്റെ നേർക്ക് പൊട്ടിത്തെറിച്ചു. നീയെന്താണ് ചെയ്യുന്നത്? വേഗം ഗ്രൗണ്ടിലേക്ക് ഇറങ്ങു എന്ന് പറഞ്ഞായിരുന്നു ആക്രോശം.
ഗ്രൗണ്ടിലും ഗംഭീർ ആക്രോശവും അസഭ്യവും തുടർന്നു. ആരും ഉപയോഗിക്കാത്ത വാക്കുകളാണ് ഗംഭീർ പറഞ്ഞത്. അമ്മയെയും മകളെയും ചേർത്ത് വരെ ഗംഭീർ അസഭ്യം വർഷിച്ചു. വൈകീട്ട് ഞാൻ നിന്നെ തല്ലാൻ പോവുകയാണ്, കാണാം എന്നായിരുന്നു ഭീഷണി. എന്തിനാണ് വൈകുന്നേരം വരെ കാക്കുന്നത് ഇപ്പോൾ തന്നെ അടിക്കാം എന്നായി ഞാൻ. അമ്പയറെത്തിയാണ് അവിടെ പ്രശ്നങ്ങൾ ഒതുക്കിയത്. പിന്നീട് ഞാൻ ബാറ്റ് ചെയ്യാൻ നോൺ സ്ട്രൈക്കർ എൻഡിലെത്തിയപ്പോൾ അവിടെയു ഗംഭീർ അസഭ്യം തുടർന്നു', മനോജ് തിവാരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.