ഇങ്ങനെ കാണിച്ചാൽ കപ്പ് കിട്ടില്ല! പോണ്ടിങ് അക്കാര്യം ശ്രദ്ധിക്കണം; പഞ്ചാബിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഐ.പി.എല്ലിൽ മികച്ച ഫോമിൽ മുന്നോട്ട് നീങ്ങുന്ന പഞ്ചാബ് കിങ്സിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരവും ബം​ഗാൾ കായികമന്ത്രിയുമായ മനോജ് തിവാരി. ഈ വർഷം മികച്ച സ്ക്വാഡ് ഉണ്ടെങ്കിൽ പോലം ഇന്ത്യൻ താരങ്ങളെ വിശ്വാസം ഇല്ലാത്തത് കാരണം കിരീടം നേടാൻ സാധിക്കില്ലെന്നാണ് തിവാരി വിമർശിച്ചത്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ ഫോമിലുള്ള നെഹാൽ വധേരയെയും ശശാങ്ക് സിങ് എന്നിവരെ ഇറക്കാതെ ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, മാർ ജാൻസൻ എന്നിവരെ പഞ്ചാബ് ബാറ്റിങ്ങിനിറക്കിയിരുന്നു. മൂവർക്കും കാര്യമായ പ്രകടനമൊന്നും പുറത്തെടുക്കാൻ സാധിച്ചില്ല.

ഇന്ത്യൻ താരങ്ങളുടെ കഴിവിൽ വിശ്വാസമില്ലെങ്കിൽ ഐ.പി.എൽ കിരീടം നേടാനാകില്ലെന്നാണ് തിവാരിയുടെ വിമർശനം. 'ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ പഞ്ചാബ് ബാറ്റ് ചെയ്യുമ്പോൾ ഞാൻ കണ്ടതുവെച്ച് എന്റെ മനസ്സ് പറയുന്നത് ഈ സീസണിൽ പഞ്ചാബ് ടീമിന് ഐ.പി.എൽ കിരീടം നേടാൻ സാധിക്കില്ല എന്നാണ്. കാരണം പരിശീലകൻ റിക്കി പോണ്ടിങ് ഫോമിലുള്ള ഇന്ത്യൻ ബാറ്റർമാരായ നെഹാൽ വധേരയെയും ശശാങ്ക് സിങ്ങിനെയും ഇറക്കാതെ, വിദേശ കളിക്കാരെ ക്രീസിലേക്കയച്ചു. അവർക്ക് നന്നായി കളിക്കാനും കഴിഞ്ഞില്ല. ഇത് ഇന്ത്യൻ താരങ്ങളുടെ കഴിവിൽ വിശ്വസിക്കാത്തത് പോലെ തോന്നി. ഇതേ രീതിയിലാണ് പോകുന്നതെങ്കിൽ‌ പഞ്ചാബ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയാലും കിരീടം അകലെയായിരിക്കും.' തിവാരി പ്രതികരിച്ചു.

മഴ മൂലം മത്സരം ഉപേക്ഷിച്ചിരുന്നു. . മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത ഒരു ഓവറിൽ ഏഴു റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്. ഈഡൻ ഗാർഡനിൽ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു. പ്രഭ്‌സിംറാൻ സിങ്ങിന്‍റെയും പ്രിയാൻഷു ആര്യയുടെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബ് സ്കോർ 200 കടത്തിയത്. ഒരു മണിക്കൂർ കാത്തിരിന്നിട്ടും മഴക്ക് ശമനമില്ലാതെ വന്നതോടെയാണ് മത്സരം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇരു ടീമുകളും ഓരോ പോയൻ്റ് വീതം പങ്കിട്ടു. ഒരു റണ്ണുമായി റഹ്മാനുല്ല ഗുർബാസും നാലു റൺസുമായി സുനിൽ നരെയ്‌നുമായിരുന്നു ക്രീസിലുണ്ടായിരുന്നത്.

Tags:    
News Summary - Manoj Tiwari advices Punjab kings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.