ലണ്ടൻ: ക്രിക്കറ്റിന്റെ വിശുദ്ധഭൂമിയിലേക്ക് ആദ്യമായി വനിതാ ടെസ്റ്റ് ക്രിക്കറ്റ് മത്സരമെത്തുന്നു. ഫുട്ബാളിന് മാറക്കാന സ്റ്റേഡിയം പോലെ, ക്രിക്കറ്റിന്റെ ഏറ്റവും സവിശേഷ ഭൂമിയായി കളിക്കാരും ആരാധകരും നെഞ്ചിലേറ്റുന്ന ഇംഗ്ലണ്ടിലെ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇതാദ്യമായാണ് വനിതാ ടെസ്റ്റ് മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആ ചരിത്ര നിയോഗത്തിൽ ബാറ്റേന്താനുള്ള ഭാഗ്യമാവട്ടെ ഇന്ത്യൻ വനിതകൾക്കും. ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് 2026ലെ ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോഴാണ് വനിതാ ടെസ്റ്റ് മത്സരവും ലോഡ്സിൽ കുറിച്ചത്. ജൂലായ് 10 മുതൽ 13 വരെ നാലു ദിന മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റുമുട്ടും.
200ൽ ഏറെ വർഷത്തെ ചരിത്രമുള്ള ലോഡ്സ് ഇതുവരെ വനിതാ ടെസ്റ്റ് മത്സരത്തിന് വേദിയായിട്ടില്ല. 1884 ലാണ് ഇവിടെ ആദ്യമായി ടെസ്റ്റ് മത്സരമെത്തുന്നത്. ഇംഗ്ലണ്ടും ആസ്ട്രേലിയയും തമ്മിലായിരുന്നു ആദ്യ അങ്കം. തുടർന്നുള്ള കാലങ്ങളിൽ ലോകക്രിക്കറ്റിലെ വമ്പൻ മത്സരങ്ങൾക്കെല്ലാം ഈ കളിമുറ്റം വേദിയായി. 1932ൽ സി.കെ നായുഡുവിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യൻ ടീം ആദ്യമായി ലോഡ്സിലെത്തിയത്. 2002ൽ ജഴ്സി ഊരിവീശി സൗരവ് ഗാംഗുലി നടത്തിയ ആഘോഷത്തിലൂടെ ഇന്ത്യൻ ആരാധകരുടെ മനസ്സിൽ ഇടം നേടിയ ലോഡ്സിൽ, ഏറ്റവും ഒടുവിൽ രണ്ടാഴ്ച മുമ്പും ഇന്ത്യ കളിച്ചിരുന്നു.
പുരുഷന്മാർ വാണ ലോഡ്സിന്റെ മുറ്റത്തിറങ്ങുന്നതിന്റെ ത്രില്ലിലാണ് വനിതാ ക്രിക്കറ്റ് താരങ്ങൾ. തലമുറകളെയും ആരാധകരെയും ആവേശംകൊള്ളിക്കാനുള്ള അവസരമാണിതെന്ന് ഇംഗ്ലണ്ട് വനിതാ ടീം നായിക നാറ്റ് സ്കിവർ ബ്രന്റ് പറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റിലെ ലിഗ നീതി, സാമൂഹിക തുല്യത, വംശീയത തുടങ്ങിയവ സംബന്ധിച്ച് അന്വേഷണത്തിനായി 2023ൽ നിയോഗിച്ച സ്വതന്ത്ര കമ്മീഷന്റെ നിർദേശ പ്രകാരമാണ് ലോഡ്സിലേക്ക് വനിതാ ടെസ്റ്റ് ക്രിക്കറ്റുമെത്തിക്കാൻ ഇ.സി.ബി തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.