അൽ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം

ആവേശക്കാഴ്ചയുമായി ലെജൻഡ് ക്രിക്കറ്റ് വീണ്ടും വരുന്നു

മസ്കത്ത്: ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്‍റെ തേരിലേറ്റാൻ ലെജൻഡ് ക്രിക്കറ്റ് മൂന്നാം പതിപ്പിന് ഒമാൻ വേദിയാകുന്നു. അടുത്തവർഷം ഫെബ്രുവരി 27മുതൽ മാർച്ച് എട്ടുവരെ ഒമാനിലും ഖത്തറിലുമായിരിക്കും മത്സരങ്ങൾ നടക്കുക. ആദ്യ രണ്ടു പതിപ്പുകളിലെ ഉജ്ജ്വല വിജയത്തിനുശേഷം ലെജൻഡ് ലീഗ് ക്രിക്കറ്റ് മാസ്റ്റേഴ്സ് (എൽ.എൽ.സി മാസ്റ്റേഴ്സ്) എന്നപേരിലാണ് മൂന്നാം പതിപ്പ് ആരാധകരിലേക്ക് എത്തുന്നത്.

ക്രിസ് ഗെയ്ൽ, ഇയോൺ മോർഗൻ, ഗൗതം ഗംഭീർ, ഹർഭജൻ സിങ്, ഷെയ്ൻ വാട്സൺ, യൂസുഫ് പത്താൻ തുടങ്ങി 60ഓളം ഇതിഹാസ താരങ്ങൾ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നീ ടീമുകൾക്കായി പാഡണിയുമെന്നാണ് കരുതുന്നത്. ആദ്യ പതിപ്പ് മസ്കത്തിലും രണ്ടാം പതിപ്പ് ഇന്ത്യയിലുമായിരുന്നു നടന്നിരുന്നത്.

കോവിഡിന്‍റെ നിഴലിലായിട്ടും ആദ്യപതിപ്പിന് മികച്ച പ്രതികരണമാണ് ഒമാനിൽനിന്ന് ലഭിച്ചിരുന്നത്. വീരേന്ദ്ര സെവാഗിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ മഹാരാജാസ്, മിസ്ബാഹുൽ ഹഖിന്‍റെ നായകത്വത്തിൽ ഏഷ്യ ലയൺസ്, ഡാരൻ സമി നയിക്കുന്ന വേൾഡ് ജയന്‍റ്സ് എന്നിങ്ങനെ മൂന്നു ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരച്ചിരുന്നത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ കൂടുതൽ കാണികൾക്ക് പ്രവേശനവും ഉണ്ടാകും.

അൽ അമിറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരിക്കും മത്സരങ്ങൾ. ഒരുകാലത്ത് ടി.വികളിലൂടെ കണ്ടിരുന്ന താരങ്ങളെ നേരിട്ടു കാണാനുള്ള അവസരമാണ് ഒമാനിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഇതിലൂടെ കൈവന്നിരിക്കുന്നത്. ടീമുകളുടെയും കളിക്കാരുടെയും പ്രഖ്യാപനം വരും ദിവസങ്ങളിൽ നടക്കുമെന്നാണ് കരുതുന്നത്.

ലോകകപ്പ് ക്രിക്കറ്റ് ട്വന്‍റി20 ടൂർണമെന്‍റിന്‍റെ വിജയകരമായ നടത്തിപ്പായിരുന്നു ലെജൻഡ് ക്രിക്കറ്റിന്‍റെ പ്രഥമ പതിപ്പിന് ഒമാനെ പരിഗണിച്ചിരുന്നത്. ലോകകപ്പിനായി ഒരുങ്ങാൻ കുറച്ചുസമയമാണ് ഒമാന് ലഭിച്ചത്. എന്നാൽ അതിനുള്ളിൽത്തന്നെ മികച്ച സൗകര്യമൊരുക്കി ലോകമാമാങ്കം വിജയകരമായി നടത്താൻ ഒമാന് സാധിച്ചു.


Tags:    
News Summary - Legends League Cricket 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.