ഹൈദരാബാദിനെ എറിഞ്ഞിട്ട് കൊൽക്കത്ത; 114 റൺസ് വിജയലക്ഷ്യം

ചെന്നൈ: സീസണിലുടനീളം ബാറ്റിങ് വിസ്ഫോടനം തീർത്ത സൺ റൈസേഴ്സ് ഹൈദരാബാദിന് ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിൽ അടിതെറ്റി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 18.3 ഓവറിൽ 113 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. 24 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് ടോപ് സ്കോറർ. ആന്ദ്രേ റസൽ മൂന്നും മിച്ചൽ സ്റ്റാർക്ക്, ഹർഷിദ് റാണ എന്നിവർ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഹൈദരാബാദിനെ ഞെട്ടിച്ചാണ് മിച്ചൽ സ്റ്റാർക്ക് തുടങ്ങിയത്. നിലയുറപ്പിക്കും മുൻപെ വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയുടെ (1) സ്റ്റംപ് പിഴുതെറിഞ്ഞു. വൈഭവ് അറോറ എറിഞ്ഞ തൊട്ടടുത്ത ഓവറിൽ റൺസൊന്നും എടുക്കാതെ ട്രാവിസ് ഹെഡും മടങ്ങി. വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ഒൻപത് റൺസെടുത്ത രാഹുൽ ത്രിപതിയെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് വീണ്ടും ഞെട്ടിച്ചതോടെ ഹൈദരാബാദ് പ്രതിരോധത്തിലായി. രമൺദീപ് പിടിച്ചാണ് രാഹുൽ പുറത്തായത്.

സ്കോർ 50 കടക്കും മുൻപ് നിതീഷ് കുമാർ റെഡിയും വീണു. ഹർഷിദ് റാണയും പന്തിൽ ഗുർബാസ് പിടിച്ചാണ് പുറത്തായത്. ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ച എയ്ഡൻ മാർക്രം റസ്സലിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. 23 പന്തിൽ 20 റൺസെടുത്താണ് മാർക്രം മടങ്ങിയത്. 17 പന്തിൽ 16 റൺസെടുത്ത വെടിക്കെട്ട് ബാറ്റർ ഹെൻറിച്ച് ക്ലാസനെ ഹർഷിദ് റാണ മടക്കിയയച്ചതോടെ ഹൈദരാബിന്റെ കാര്യം ഏകദേശം തീരുമാനമായി.

ഷഹബാസ് അഹമ്മദിനെ (8) വരുൺ അറോറയും അബ്ദു സമദിനെ (4) റസ്സലും ജയദേവ് ഉനദ്കട്ടിനെ(4) സുനിൽ നരേയ്നും പുറത്താക്കി. ഒൻപതാമനായി ക്രീസിലെത്തിയ നായകൻ പാറ്റ് കമ്മിൻസ് നടത്തിയ ചെറുത്തു നിൽപ്പിലാണ് സ്കോർ 100 കടന്നത്. 19 പന്തിൽ 24 റൺസെടുത്ത കമ്മിൻസ് റസ്സലിന്റെ പന്തിൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. 

Tags:    
News Summary - Kolkata Knight Riders set a target of 114 runs against Sunrisers Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.