സഹതാരങ്ങളുടെ ഗാർഡ് ഓഫ് ഓണർ, കെട്ടിപ്പിടിച്ച് കോഹ്‍ലി; ദിനേശ് കാർത്തികിന് വൈകാരിക യാത്രയയപ്പ്

അഹ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിക്കറ്റ് കീപ്പറും ഫിനിഷറുമായ ദിനേശ് കാർത്തികിന് വൈകാരിക യാത്രയയപ്പ്. വിരമിക്കൽ താരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീസണോടെ ഐ.പി.എല്ലില്‍നിന്ന് വിടപറയുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അഹ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം കാര്‍ത്തിക് തന്റെ കീപ്പിങ് ഗ്ലൗസ് അഴിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുകയും സഹതാരങ്ങൾ ഗാര്‍ഡ് ഓഫ് ഓണറും നല്‍കുകയും ചെയ്തു. വിരാട് കോഹ്‍ലിയും ധ്രുവ് ജുറേലും സംഗക്കാരയുമെല്ലാം കെട്ടിപ്പിടിച്ചു. ഗാലറിയിൽനിന്ന് ഡി.കെ...ഡി.​കെ... ചാന്റുകൾ ഉയർന്നു. ഐ.പി.എല്ലിൻ്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയും വിരമിക്കലിലേക്കുള്ള സൂചനയായി.

രാജസ്ഥാനെതിരായ എലിമിനേറ്ററിൽ ഏഴാമനായി ഇറങ്ങിയ ദിനേശ് കാര്‍ത്തിക് 13 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായിരുന്നു. ടീമിലെ ഫിനിഷറായ താരം സീസണിലെ 15 മത്സരങ്ങളില്‍നിന്ന് രണ്ട് അർധസെഞ്ച്വറിയടക്കം 326 റണ്‍സ് നേടി തകർപ്പൻ ഫോമിലായിരുന്നു. 36.22 ശരാശരിയുള്ള കാർത്തികിന്റെ സ്ട്രൈക്ക് റേറ്റ് 187.36 ആണ്. സീസണിലെ ഫോം കണ്ട് ട്വന്റി 20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്നും ആവശ്യമയുർന്നിരുന്നു.

2015ല്‍ ബംഗളൂരുവിനൊപ്പം ചേരുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകൾക്കായും കളത്തിലിറങ്ങി. ഐ.പി.എല്ലിലെ 257 മത്സരങ്ങളില്‍നിന്ന് 22 അർധസെഞ്ച്വറികളടക്കം 4842 റണ്‍സാണ് സമ്പാദ്യം. 

Tags:    
News Summary - Kohli hugs teammates' guard of honour; An emotional farewell to Dinesh Karthik in the IPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.