കരിയറിൽ ഏറ്റവും പ്രതിസന്ധിയിലാവുകയും ക്രിക്കറ്റ് ആസ്വദിക്കാനാവാത്ത സാഹചര്യമുണ്ടാവുകയും ചെയ്ത ഘട്ടത്തിൽ പിന്തുണയുമായി എത്തിയത് ഇന്ത്യൻ ടീമിലെ ഒരേയൊരു താരമാണെന്ന വെളിപ്പെടുത്തലുമായി മുൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി. ഏഷ്യാ കപ്പിൽ ഞായറാഴ്ച രാത്രി പാകിസ്താനെതിരെ തോറ്റ മത്സരത്തിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ കോഹ്‍ലി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ഇപ്പോൾ ക്രിക്കറ്റ് കളിക്കുന്നതിൽ ആവേശഭരിതനാണെന്നും കളി ആസ്വദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരിയറിലെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടമായിരുന്നു അത്. സെലക്ഷൻ മീറ്റിങ്ങിന് മണിക്കൂറുകൾക്ക് മുമ്പ്, ഐ.പി.എല്ലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെയും ഇന്ത്യൻ ട്വന്റി 20 ടീമിന്റെയും ക്യാപ്റ്റൻസി ഉപേക്ഷിച്ചു. ഏകദിന ക്യാപ്റ്റൻസിയും നഷ്ടപ്പെട്ടു. ഈ വർഷമാദ്യം ടെസ്റ്റ് ക്യാപ്റ്റൻസി വിടുന്നതായ പ്രഖ്യാപനവും നടത്തി. ഇതിനെല്ലാം പുറമെ പഴയപോലെ റൺസുകൾ നേടാനും കഴിഞ്ഞില്ല. പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ഒഴികെ മറ്റാരും തന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ലെന്നായിരുന്നു കോഹ്‍ലിയുടെ വെളിപ്പെടുത്തൽ.
"എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്: ഞാൻ ടെസ്റ്റ് ക്യാപ്റ്റൻസി വിടുമ്പോൾ, എനിക്ക് ഒരു സന്ദേശം ലഭിച്ചത് എനിക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള ഒരാളിൽ നിന്നാണ് -അത് എം.എസ് ധോണിയായിരുന്നു. ടി.വിയിൽ, ധാരാളം ആളുകൾ നിർദേശങ്ങൾ നൽകുന്നു. ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ എന്റെ നമ്പർ പലരുടെയും കൈവശമുണ്ടെങ്കിലും അദ്ദേഹമൊഴികെ ആരും എനിക്ക് സന്ദേശം അയച്ചില്ല. എന്റെ ബാറ്റ് തൊടാതെ ഒരു മാസം പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. പക്ഷെ, എനിക്ക് ഒരു ഇടവേള എടുക്കേണ്ട സാഹചര്യമുണ്ടായി'' അദ്ദേഹം പറഞ്ഞു.
"കളിയോടുള്ള ആവേശവും സന്തോഷവും ആ സമയത്ത് ഇല്ലാതായി. അത് എനിക്ക് വീണ്ടെടുക്കേണ്ടത് പ്രധാനമായിരുന്നു. ആർക്കെങ്കിലും കാര്യങ്ങൾ നെഗറ്റീവ് ആയി തോന്നുന്നുവെങ്കിൽ, ഒരു ഇടവേള എടുക്കുന്നത് മോശമായ കാര്യമല്ല. നമ്മൾ എല്ലാവരും മനുഷ്യരാണ്, എല്ലാവർക്കും അങ്ങനെ തോന്നാം. എന്നാൽ അത് തിരിച്ചറിയുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾ അത് അവഗണിക്കുകയാണെങ്കിൽ, കൂടുതൽ നിരാശനാകും. ഇത് ഞാൻ മനസ്സിലാക്കിയ കാര്യമാണ്. എനിക്ക് ധാരാളം സഹായം ലഭിച്ചു. അതിൽ സന്തോഷമുണ്ട്, ഞാൻ ആവേശഭരിതനാണ്, വീണ്ടും ക്രിക്കറ്റ് കളിക്കുന്നു, അതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം" അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിൽ, 126.22 സ്‌ട്രൈക്ക് റേറ്റിൽ 35, 59*, 60 സ്‌കോർ ചെയ്‌ത കോഹ്‌ലി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.