ബുംറ എവിടെ? ഹാർദിക്കിന്‍റെ തീരുമാനത്തെ വിമർശിച്ച് മുൻ താരങ്ങൾ

പുതിയ നായകൻ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ സീസണിലെ ആദ്യ ഐ.പി.എൽ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനോട് ആറു റൺസിനാണ് തോറ്റത്. രോഹിത് ശർമക്കു പകരം ഗുജറാത്ത് ടീമിൽ നിന്ന് സീസണു മുന്നോടിയായി റെക്കോഡ് തുകക്ക് മുംബൈ ടീമിലെത്തിച്ച ഹാർദിക്കിനെ നായകനാക്കിയതിൽ ആരാധകരുടെ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ഇതിനിടെയാണ് ടീമിന്‍റെ ആദ്യ മത്സരത്തിലെ തോൽവിയും. മത്സരത്തിനിടെയുള്ള ഹാർദിക്കിന്‍റെ പെരുമാറ്റവും ആരാധകർക്കു പിടിച്ചിട്ടില്ല. മത്സരശേഷം രോഹിത്തും ഹാർദിക്കും സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഗൗരവത്തിലാണ് രോഹിത് സംസാരിക്കുന്നത്. ഇതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുജറാത്തിന്‍റെ ശരാശരി ടോട്ടൽ മികച്ച ബാറ്റിങ് ലൈനപ്പുള്ള മുംബൈക്ക് മറികടക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.

മത്സരത്തിലെ ഹാർദിക്കിന്‍റെ പല തീരുമാങ്ങളും തോൽവിക്കു കാരണമായെന്നാണ് ആരാധകരുടെയും മുൻ താരങ്ങളുടെയും വിലയിരുത്തൽ. ഏവരെയും അദ്ഭുതപ്പെടുത്തിയാണ് ഹാർദിക് ബൗളിങ് ഓപ്പൺ ചെയ്തത്.

ആദ്യ ഓവർ എറിയാനുള്ള ഹാർദിക്കിന്‍റെ തീരുമാനത്തെ മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്സണും മുൻ ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗവാസ്കറും രൂക്ഷമായാണ് വിമർശിച്ചത്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഉണ്ടായിരിക്കെയാണ് ഹാർദിക് മത്സരത്തിലെ ആദ്യ ഓവർ എറിയാനെത്തിത്. ഹാർദിക്കിന്‍റെ തീരുമാനം കമന്‍ററി ബോക്സിലും ആരാധകർക്കിടയിലും വലിയ ചർച്ചയായി. രണ്ടു ഫോറടക്കം 11 റൺസാണ് താരം ആ ഓവറിൽ വഴങ്ങിയത്.

‘എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ബൗളിങ് ഓപ്പൺ ചെയ്യാത്തത്? എനിക്ക് മനസ്സിലാകുന്നില്ല’ -പീറ്റേഴ്സൺ ചോദിച്ചു. ‘വളരെ നല്ല ചോദ്യം. വളരെ നല്ല ചോദ്യം’ എന്നായിരുന്നു ഗവാസ്കറിന്‍റെ മറുപടി. ‘ബുംറ എവിടെ’ എന്ന ചോദ്യവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ രംഗത്തെത്തി. എക്സിലായിരുന്നു താരത്തിന്‍റെ ചോദ്യം. മത്സരത്തിൽ ബുംറയുടെ തകർപ്പൻ ബൗളിങ്ങാണ് ഗുജറാത്തിനെ വലിയ സ്കോർ നേടുന്നതിൽ തടഞ്ഞത്. നാലു ഓവർ പന്തെറിഞ്ഞ താരം 14 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്.

Tags:    
News Summary - Kevin Pietersen, Sunil Gavaskar Blast Hardik Pandya For Tactical Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.