തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെ നാല് വിക്കറ്റിന് തകർത്ത് തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന ഓവറിൽ ലക്ഷ്യം കാണുകയായിരുന്നു. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് കളിയിലെതാരം. വിജയത്തോടെ പത്ത് പോയിന്റുമായി തൃശൂർ സെമി പ്രതീക്ഷകൾ സജീവമാക്കി.സ്കോർ: ആലപ്പി റിപ്പിൾസ്- 128/9 (20), തൃശൂർ ടൈറ്റൻസ്- 134/6(19.2)
തൃശൂരിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ഷോൺ റോജർ റിപ്പിൾസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സെമി ഫൈനൽ സാധ്യത നിലനിറുത്താൻ വിജയം അനിവാര്യമായ ആലപ്പിക്ക് ആദ്യ പന്തിൽ തിരിച്ചടി നൽകിയാണ് ടൈറ്റൻസ് തുടങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീനെ (പൂജ്യം) കെ.അജിനാസ് നേരിട്ടുള്ള ഏറിൽ പുറത്താക്കുകയായിരുന്നു. മികച്ച രീതിയിൽ ബാറ്റു ചെയ്യുകയായിരുന്ന അഭിഷേക് നായരെ (22) കളിയുടെ വിനോദ് കുമാർ മുഹമ്മദ് ഇഷാഖിന്റെ കൈകളിലെത്തിച്ചു. ആ ഓവറിന്റെ അവസാന പന്തിൽ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അർധ സെഞ്ച്വറി നേടി തിളങ്ങി നിന്ന ജലജ് സക്സേനയെയും (ഒന്ന്) പുറത്താക്കിയതോടെ ആലപ്പി ആടിയുലഞ്ഞു.
അഞ്ചാം വിക്കറ്റിൽ ഒത്തു ചേർന്ന ശ്രീരൂപിന്റെയും (24) അക്ഷയ് ടി.കെയുടെയും (49) പ്രകടനമാണ് ആലപ്പിയെ മാന്യമായ സ്കോറിലെത്തിച്ചത്. നാല് ഓവറുകളിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റെടുത്ത സിബിൻ ഗിരീഷാണ് ആലപ്പുഴയുടെ മധ്യനിരയെ തകർത്തത്. തൃശൂരിന് വേണ്ടി മറുപടി ബാറ്റിങ്ങിനിറങ്ങിയ അഹ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് കെ.സി.എല്ലിലെ 'ബേബി'പതിനേഴുകാരനായ കെ.ആർ. രോഹിത്തായിരുന്നു. പക്ഷേ കാര്യങ്ങൾ വിചാരിച്ചപ്പോലെ എളുപ്പമായിരുന്നില്ല തൃശൂരിനും. ആലപ്പി തോറ്റതോടെ 12 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കൊച്ചി ബ്ലൂടൈഗേഴ്സ് രണ്ടാം സീസണിൽ സെമിയിലെത്തുന്ന ആദ്യ ടീമായി.
പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള തൃശൂർ ടൈറ്റൻസിൽ അഴിച്ചുപണി. സിജോമോൻ ജോസഫ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ക്യാപ്റ്റൻസിയുടെ ഭാരം മൂലം വ്യക്തിഗത പ്രകടനത്തിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് താരം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ഇന്നലെ ആലപ്പിക്കെതിരായ മത്സരത്തിലും സിജോമോൻ ഇറങ്ങിയില്ല. ഷോൺ റോജറായിരിക്കും ഇനി ടീമിനെ നയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.