മിന്നുമണി, ടി. ഷാനി

മിന്നലായി മിന്നുമണി; പഞ്ചാബിനെയും വീഴ്​ത്തി കേരള വനിതകൾ

ഇ​​ന്ദോർ: മുംബൈയെ വീഴ്​ത്തിയ പോരാട്ടവീര്യം ചോരാ​തെ കാത്ത കേരളം ദേശീയ വനിതാ സീനീയർ ഏകദിന ക്രിക്കറ്റ്​ ടൂർണമെന്‍റിൽ കരുത്തരായ പഞ്ചാബിനെയും തകർത്ത്​ മുന്നോട്ട്​. 55 പന്തിൽ 72 റൺസുമായി വെടിക്കെട്ട്​ ബാറ്റിങ്​ പുറത്തെടുത്ത മിന്നുമണിയുടെ മികവിൽ പഞ്ചാബിനെ 67 റൺസിനാണ്​ കേരള വനിതകൾ പരാജയപ്പെടുത്തിയത്​.

50 റൺസെടുത്ത ക്യാപ്​റ്റൻ ടി. ഷാനിയും 38 പന്തിൽ 34 റൺസെടു​ത്ത എസ്​. സജനയും മിന്നുമണിക്ക്​ മികച്ച പിന്തുണ നൽകിയപ്പോൾ ടോസ്​ നഷ്​ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറിൽ 216 റൺസെടുത്ത്​ പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 50 ഓവറിൽ ഒമ്പതു വിക്കറ്റിന്​ 149 റൺസിൽ തളച്ചാണ്​ കേരളം ഗംഭീര ജയം സ്വന്തമാക്കിയത്​. പുറത്താകാതെ 50 റൺസെടുത്ത ബി.എൻ. മീനയൊഴികെ മറ്റാർക്കും പഞ്ചാബ്​ ഇന്നിങ്​സിൽ പിടിച്ചുനിൽക്കാനായില്ല. കേരളത്തിനുവേണ്ടി ജിപ്​സ വി. ജോസഫും അലീന സുരേന്ദ്രനും രണ്ടു വിക്കറ്റ്​ വീതം വീഴ്​ത്തിയപ്പോൾ സജനയും മൃദുലയും ഓരോ വിക്കറ്റെടുത്തു. മൂന്നു പഞ്ചാബി താരങ്ങളെ റണ്ണൗട്ടാക്കി മിന്നുമണി ഫീൽഡിങ്ങിലും തിളങ്ങി.

ഭൂമികയും (ആറ്​) മുംബൈക്കെതിരെ സെഞ്ച്വറി നേടിയ ജിൻസി ജോർജും (നാല്​) എളുപ്പം തിരിച്ചുകയറിയപ്പോൾ രണ്ടിന്​ 16 റൺസെന്ന അപകടകരമായ നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ഷാനിയും അക്ഷയയും (29) കൂടുതൽ വിക്കറ്റ്​ കളയാതെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു. 27ാം ഒാവർ വരെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ടീം സ്​കോർ 94​ലെത്തി. 87പന്ത്​ നേരിട്ട്​ 29 റൺസെടുത്ത അക്ഷയ പുറത്തായതിനുപിന്നാലെ അതേ സ്​കോറിൽ ഷാനിയും മടങ്ങി. 66 പന്തിൽ എട്ടു ഫോറടക്കമാണ്​ ഷാനി 50ലെത്തിയത്​. തൊട്ടുടനെ ഐ.വി. ദൃശ്യയും (ഒന്ന്​) തിരിച്ചുകയറിയതോടെ അഞ്ചു വിക്കറ്റിന്​ 96 റൺസെന്ന നിലയിലായി കേരളം.

ഈ പ്രതിസന്ധിഘട്ടത്തിൽ ക്രീസിലൊത്തുചേർത്ത മിന്നുമണിയും സജനയും ചേർന്ന്​ വെടിക്കെട്ട്​ ബാറ്റിങ്ങുമായി കളംവാണതോടെ കേരളം 200 കടക്കുകയായിരുന്നു. വയനാട്ടുകാരായ ഇരുവരും ആറാം വിക്കറ്റിൽ 79 പന്തിൽ 99 ചേർത്തതോടെയാണ്​ ടീം പൊരുതാവുന്ന ടോട്ടലിലെത്തിയത്​. നാലു ഫോറടക്കം 38 പന്തിൽ 34 റൺസെടുത്ത സജന പുറത്തായതിനു പിന്നാലെ അഞ്ചോവർ ബാക്കിയിരിക്കെ മിന്നുമണിയും പവലിയനിലെത്തി. 11 ഫോറും ഒരു സിക്​സുമടങ്ങിയതായിരുന്നു മിന്നുമണിയുടെ തകർപ്പൻ ഇന്നിങ്​സ്​.

വാലറ്റത്ത്​ മൃദുല (നാല്​), അലീന സുരേന്ദ്രൻ (ഒന്ന്​) ജിപ്​സ (ആറ്​) എന്നിവർ എളുപ്പം കീഴടങ്ങിയതോടെ എട്ടു പന്തു ബാക്കിയിരിക്കേ കേരളം ഓൾഔട്ടാവുകയായിരുന്നു. നാലു വിക്കറ്റ്​ വീഴ്​ത്തിയ കനിക അഹൂജയാണ്​ പഞ്ചാബ്​ ബൗളിങ്ങിൽ തിളങ്ങിയത്​. ഈ ജയത്തോടെ കേരളത്തിന്​ നാലു പോയന്‍റ്​ കൂടി സ്വന്തമായി.

Tags:    
News Summary - Kerala Beat Punjab By 67 Runs In Women's Senior Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT