രഞ്ജി ട്രോഫി ഫൈനൽ പ്രവേശനം ഉറപ്പിച്ച് കേരളം. സെമിഫൈനലിൽ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സിൽ നേടിയ രണ്ട് റൺസിന്‍റെ ലീഡിന്‍റെ ബലത്തിലാണ് കേളം ഫൈനലിൽ പ്രവേശിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. ക്വാർട്ടറിൽ ഒരു റണ്ണിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡിലാണ് കേരളം സെമിയിലേക്കെത്തിയത്.
ഒന്നാം ഇന്നിങ്സിൽ കേരളം ഉയർത്തിയ 457 റൺസിന്‍റെ റൺമല പിന്തുടർന്ന ഗുജറാത്ത് 455 ൽ എല്ലാവരും വീണു. അവസാന ദിനം മൂന്ന് വിക്കറ്റായിരുന്നും കേരളത്തിന് വേണ്ടതെങ്കിൽ ഗുജറാത്ത് 28 റൺസ് പിറകിലായിരുന്നു. കേരളതത്തിനായി ജലജ് സക്സേന, ആദിത്യ സർവാതെ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി മിന്നിതിളങ്ങി. ഒമ്പതാമാനായി ഇറങ്ങി 47 പന്തുകൾ പ്രതിരോധിച്ച അർസാൻ നാഗ്വസ്വല്ല 48ാം പന്തിൽ വീണതോടെയാണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. കേരളത്തിന്‍റെ രണ്ടാം ഇന്നിങ്സ് ഉടൻ ആരംഭിക്കുന്നതാണ്. അവസാന ദിനം രണ്ട് സെഷൻ മാത്രം ബാക്കിയിരിക്കെ ഗുജറാത്തിന് മത്സരം വിജയിക്കണമെങ്കിൽ അത്ഭുതങ്ങൾ നടക്കണം.
നാലം ദിനം സ്റ്റംമ്പ് എടുക്കുമ്പോൾ ഏഴിന് 429 റൺസ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. 161 പന്തിൽ 74 റൺസുമായി ജെ.എം പട്ടേലും 134 പന്തിൽ 24 റൺസുമായി എസ്. ദേശായിയുമായിരുന്നു ക്രീസിൽ. ഒന്നിന് 222 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ്ങ് തുടങ്ങിയ ഗുജറാത്ത് ഒരു ഘട്ടത്തിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും എട്ടാം വിക്കറ്റിൽ പട്ടേലും ദേശായിയും പാറ കണക്കെ ഉറച്ച് നിന്നതോടെ ലീഡിലേക്ക് അടുക്കുകയായിരുന്നു.
അഞ്ജാം ദിനം ഗുജറാത്ത് 28 റൺസ് നേടുന്നതിനിടെ കേരളത്തിന് മൂന്ന് വിക്കറ്റ് നേടണമായിരുന്നു, അഞ്ചാം ദിനം തുടക്കം തന്നെ രണ്ട് വിക്കറ്റ് നേടി കേരളം തിരിച്ചുവന്നു. അവസാന വിക്കറ്റിൽ അർസാൻ നാഗ്വസ്വല്ല പ്രിയത്സിങ് ജഡേജയും ഏകദേശം 11 ഓവറോളം ചെറുത്ത് നിന്നു. ഒമ്പത് റൺസാണ് ഇരുവരും പത്താം വിക്കറ്റിൽ ചേർത്തത്. എന്നാൽ ലീഡിന് തൊട്ടരികെ ഷോർട്ട് ലെഗ് ഫീൽഡറുടെ ഹെൽമെറ്റിൽ കൊണ്ട പന്ത് സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന സച്ചിൻ ബേബിയുടെ കയ്യിലെത്തുകയായിരുന്നു. നാടകീയമായി കേരളം ഫൈനലിൽ! ഹെൽമെറ്റിൽ അടികൊണ്ട സൽമാൻ നിസാറിന് സാരമായ പരിക്കൊന്നുമില്ലെന്ന് കേരള ക്രിക്കറ്റ് പ്രാഥമിക റിപ്പോർട്ടിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.