പ്രതീകാത്മക ചിത്രം 

കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു; ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും

കോട്ടയം: കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും സി.എം.എസ് കോളജും തമ്മിൽ കരാർ ഒപ്പുവെച്ചു. കോട്ടയം ജില്ലയിൽ ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാവും സി.എം.എസ് കോളജിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമിക്കുക.

സ്റ്റേഡിയം പദ്ധതിക്കായി കോളജ് 30 വർഷത്തേക്ക് നിലവിലുള്ള ഗ്രൗണ്ട് കെ.സി.എക്ക് നൽകും. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതേ രീതിയിൽ തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്സ് കോളജിലും, ആലപ്പുഴ എസ്.ഡി കോളജിലും ഗ്രൗണ്ടുകൾ നിർമിച്ചിരുന്നു.

നിർമാണത്തിന്‍റെ ഒന്നാം ഘട്ടത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട് കൂടാതെ പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം, ഇൻഡോർ ഔട്ട് ഡോർ പ്രാക്ടീസ് സംവിധാനം, അത്യാധുനിക ജിംനേഷ്യം, ഫുട്ബാൾ ഗ്രൗണ്ട് എന്നിവ ഉണ്ടാവും. പദ്ധതി ചെലവ് 14 കോടി രൂപ രൂപയാണ്. രണ്ടാം ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും. 

 

കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ്. കുമാർ, സി.എം.എസ് കോളജ് മാനേജറും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ ചേർന്ന് എഗ്രിമെന്റ് ഒപ്പിട്ടു. നിർമാണം ഏപ്രിൽ അവസാനത്തോടെ തുടങ്ങി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഇതോടെ കോട്ടയത്ത് രഞ്ജി ട്രോഫി ഉൾപ്പടെ ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും. കോട്ടയം ജില്ലയിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക പരിശീലനം നല്കാനും മത്സങ്ങളിൽ പങ്കെടുക്കാനും സാധിക്കും. 

 

കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറർ റവ. ജിജി ജോണ്‍ ജേക്കബ്, സി.എസ്.ഐ - മധ്യ കേരള മഹാഇടവക ക്ലെർജി സെക്രട്ടറി റവ. അനിയന്‍ കെ പോള്‍, സി.എസ്.ഐ - മധ്യ കേരള മഹാ ഇടവക ലേ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജെ. ഡാനിയല്‍, രജിസ്ട്രാർ അഡ്വ. ഷീബാ തരകന്‍, ബർസർ റവ. ചെറിയാന്‍ തോമസ്‌, ഹയര്‍ എജ്യുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി ജേക്കബ് ഫിലിപ്പ് മോങ്കുഴി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. അഞ്ജു സൂസന്‍ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റീനു ജേക്കബ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ മേധാവി ഡോ. ചാള്‍സ് എ ജോസഫ്, അസോ. പ്രഫ. വി. ജാക്സ്ണ്‍ പോള്‍, കോട്ടയം ജില്ല ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - KCA signs MoU with CMS College for state-of-the-art cricket stadium in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.