കെ.സി.എ പ്രസിഡന്റ് ട്രോഫി: റോയൽസിനും ലയൺസിനും ജയം

ആലപ്പുഴ: കെ.സി.എ പ്രസിഡന്റ്സ് ട്രോഫിയിൽ തുടരെ രണ്ട് തോൽവികൾക്ക് ശേഷം വിജയവഴി്യിൽ തിരിച്ചെത്തി റോയൽസ്. പാന്തേഴ്സിനെ എട്ട് വിക്കറ്റിനാണ് റോയൽസ് തോല്പിച്ചത്. രണ്ടാം മൽസരത്തിൽ ലയൺസ് ടൈഗേഴ്സിനെ 38 റൺസിനും വീഴ്ത്തി.

ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന ജോബിൻ ജോബിയുടെ ഓൾറൗണ്ട് മികവും വിപുൽ ശക്തിയുടെ അർധ സെഞ്ച്വറിയുമാണ് റോയൽസിന് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യൻ അണ്ടർ 19 താരം കൂടിയായ ലെഗ് സ്പിന്നർ മുഹമ്മദ് ഇനാൻ ബാറ്റ് കൊണ്ട് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് പാന്തേഴ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്. ഇനാൻ 33 പന്തുകളിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് എട്ട് പന്തുകളിൽ 20 റൺസ് നേടിയ രോഹിത്തും വിപുൽ ശക്തിയും ചേർന്ന് തകർപ്പൻ തുടക്കം നല്കി. രോഹിതിന് ശേഷമെത്തിയ ജോബിൻ ജോബിയും വിപുൽ ശക്തിയും ചേർന്ന് ആഞ്ഞടിച്ചതോടെ റോയൽസ് എട്ട് വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി. ജോബിൻ 30 പന്തുകളിൽ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്നപ്പോൾ വിപുൽ ശക്തി 45 പന്തുകളിൽ നിന്ന് 56 റൺസെടുത്തു. രണ്ടാം മൽസരത്തിൽ ടൈഗേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലയൺസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു.

അർദ്ധ സെഞ്ച്വറി നേടിയ സച്ചിൻ പി.എസും ആകർഷ് എ.കെയുമാണ് ലയൺസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. സച്ചിൻ 34 പന്തുകളിൽ നിന്ന് 53 റൺസും ആകർഷ് 30 പന്തിൽ 50 റൺസും നേടി. ടൈഗേഴ്സിന് വേണ്ടി ആൽബിനും ശ്രീഹരിയും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസിനായി പ്രീതിഷ് പവനും രോഹൻ നായരും മാത്രമാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്. പ്രീതിഷ് 30 പന്തുകളിൽ നിന്ന് ഒമ്പത് ഫോറും നാല് സിക്സും അടക്കം 68 റൺസെടുത്തു. രോഹൻ നായർ 39ഉം അജ്നാസ് 20 റൺസും നേടി.

19ആം ഓവറിൽ 158 റൺസിന് ടൈഗേഴ്സ് ഓൾ ഔട്ടായി. ലയൺസിനായി കിരൺ സാഗർ മൂന്നും വിനയ് വർഗീസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Tags:    
News Summary - KCA President's Trophy: Royals and Lions win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.