കെ.സി.എ പ്രസിഡന്റ്സ് ട്രോഫി: റോയൽസും ലയൺസും ഫൈനലിൽ

ആലപ്പുഴ: കെ.സി.എ പ്രസിഡന്റ്സ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ലയൺസിനെ റോയൽസ് നേരിടും. ലീഗ് ഘട്ടം അവസാനിച്ചതോടെ പോയന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ലയൺസും റോയൽസും ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. ഇതേ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലയൺസ് റോയൽസിനെ നാല് വിക്കറ്റിന് തോൽപിച്ചു. മറ്റൊരു മത്സരത്തിൽ ഈഗ്ൾസ് ടൈഗേഴ്സിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത റോയൽസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 48 റൺസെടുത്ത ജോബിൻ ജോബിയും 43 റൺസെടുത്ത റിയ ബഷീറുമാണ് റോയൽസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. അവസാന ഓവറുകളിൽ എട്ട് പന്തുകളിൽനിന്ന് 22 റൺസുമായി അഖിൽ സ്കറിയയും മികച്ച പ്രകടനം കാഴ്ചവെച്ചു. ലയൺസിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലയൺസ് തുടരെ നാല് വിക്കറ്റുകൾ നഷ്ടമായതോടെ തോൽവി മുന്നിൽക്കണ്ടെങ്കിലും വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു കൃഷ്ണദേവൻ ജയമൊരുക്കി. 12 പന്തുകളിൽ 43 റൺസുമായി കൃഷ്ണദേവൻ പുറത്താകാതെ നിന്നു.

ഈഗ്ൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്സ് 19.1 ഓവറിൽ 104 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. 37 റൺസെടുത്ത അഭിഷേകാണ് ടോപ് സ്കോറർ. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ക്യാപ്റ്റൻ സിജോമോൻ ജോസഫും രാഹുൽ ചന്ദ്രനുമാണ് ഈഗ്ൾസ് ബൗളിങ് നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഈഗ്ൾസ് 8.1 ഓവറിൽ അനായാസം ലക്ഷ്യത്തിലെത്തി. 17 പന്തുകളിൽ 40 റൺസ് നേടിയ അനന്തകൃഷ്ണനാണ് ഈഗ്ൾസിന്റെ ടോപ് സ്കോറർ.

Tags:    
News Summary - KCA Presidents Trophy: Royals and Lions in the final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.