വ്യക്തമായ കാരണം പറയാതെ ടീമിൽ നിന്നും വിട്ടുനിന്നതുകൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്‍റിൽ കളിപ്പിക്കാതിരുന്നതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്. രഞ്ജി ട്രോഫിയിലും ഇത്തരത്തിലുള്ള അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. . കർശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബി.സി.സി.ഐ നിർദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെ.സി.എ നടപടിയെടുത്തിട്ടില്ലെന്നും ജയേഷ് കൂട്ടിച്ചേർത്തു.
'സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതിന് സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് സെലക്ഷൻ കമ്മിറ്റി മീറ്റിങ്ങിന് മുന്നോടിയായി ബി.സി.സി.ഐ സി.ഇ.ഒ ചോദിച്ചിരുന്നു. ഇല്ലെന്ന് ഞങ്ങൾ അറിയിക്കുകയും ചെയ്തു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിൻ്റെ ക്യാമ്പിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരുന്നു. എന്നാൽ, ഉണ്ടാകില്ലെന്ന ഒറ്റ വരി മറുപടിയായിരുന്നു പ്രതികരണം. കാരണം അറിയിക്കുകയും ചെയ്‌തില്ല. ടീം പ്രഖ്യാപിച്ചശേഷം കളിക്കാൻ ഉണ്ടാകുമെന്ന് അറിയിച്ചു. തോന്നുന്നപോലെ വരാനും പോകാനുമുള്ളതല്ല കേരള ക്രിക്കറ്റ് ടീം. രഞ്ജിട്രോഫി ക്രിക്കറ്റിലും സമാനസംഭവമുണ്ടായി. കർണാടകക്കെതിരായ മത്സരശേഷം മെഡിക്കൽ ആവശ്യമുണ്ടെന്ന് പറഞ്ഞ് പോയി. എന്നാൽ എന്താണ് മെഡിക്കൽ ആവശ്യമെന്ന് പറഞ്ഞതുമില്ല. മറ്റ് കളിക്കാർക്ക് മാതൃകയാകേണ്ട വ്യക്തിയിൽനിന്ന് അച്ചടക്കനടപടി എടുക്കേണ്ട കുറ്റമാണുണ്ടായത്. എന്നാൽ, സഞ്ജുവിൻറെ ഭാവിയോർത്താണ് നടപടി എടുക്കാതിരുന്നത്,' ജയേഷ് ജോർജ് പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കാത്തത് കാരണമാണ് സഞ്ജു സാംസണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തതിന് കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. ചാമ്പ്യൻസ് ട്രോഫിക്ക് 15 അംഗ സ്കോഡിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. കെ.എൽ. രാഹുൽ ഋഷഭ് പന്ത് എന്നിവരാണ് വിക്കറ്റ് കീപ്പർമാരായി ടീമിലിടം നേടിയത്.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം- - രോഹിത് ശർമ (നായകൻ), ശുഭ്‌മൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.