കാന്റർബെറി (ഇംഗ്ലണ്ട്): ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായി ഇന്ത്യൻ സ്ക്വാഡിൽ കരുൺ നായരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം തെറ്റിയില്ല! ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി ക്രീസിൽ നിലയുറപ്പിച്ചിരിക്കുകയാണ് താരം.
താരത്തിന്‍റെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ എ കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയാണ്. നിലവിൽ 276 പന്തിൽ 203 റൺസുമായാണ് കരുൺ ബാറ്റിങ് തുടരുന്നത്. ഒരു സിക്സും 26 ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 18 പന്തിൽ 20 റൺസുമായി ഷാർദുൽ ഠാക്കൂറാണ് ക്രീസിലുള്ള മറ്റൊരു താരം. രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ നിലവിൽ 105 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 479 റൺസെടുത്തിട്ടുണ്ട്.
നീണ്ട ഇടവേളക്ക് ശേഷമാണ് കരുൺ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിന് വീണ്ടും ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്. ആറു റൺസകലെയാണ് ജുറേലിന് സെഞ്ച്വറി നഷ്ടമായത്. 120 പന്തിൽ 94 റൺസെടുത്താണ് താരം പുറത്തായത്. 22 പന്തിൽ ഏഴു റൺസാണ് നിതീഷിന്‍റെ സമ്പാദ്യം. സർഫറാസ് ഖാൻ ആദ്യ ദിനം 92 റൺസിന് പുറത്തായിരുന്നു.
ഓപണർമാരായ യശസ്വി ജയ്സ്വാളിനും (24) ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരനും (8) കാര്യമായ സംഭാവന നൽകാനായില്ല. തുടർന്ന് സംഗമിച്ച കരുൺ-സർഫറാസ് സഖ്യം മൂന്നാം വിക്കറ്റിൽ 181 റൺസ് ചേർത്തു. സെഞ്ച്വറിക്കരികിൽ സർഫറാസ് വീണെങ്കിലും പകരമെത്തിയ ജുറെൽ കരുണിന് മികച്ച പിന്തുണ നൽകിയതാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. നേരത്തെ, ടോസ് നേടിയ ലയൺസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.