കെയ്ൻ വില്യംസൺ Photo: ICC/Getty Images
ക്രൈസ്റ്റ്ചർച്ച്: മുൻ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ മുൻനിരക്കാരനുമായ ന്യൂസിലൻഡ് ബാറ്റർ കെയ്ൻ വില്യംസൺ രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽനിന്ന് പടിയിറങ്ങി. കുട്ടിക്ക്രിറ്റിനോട് വിട പറഞ്ഞെങ്കിലും ടെസ്റ്റ്, ഏകദിന ടീമുകളിൽ കിവികൾക്കുവേണ്ടി തുടർന്നും പാഡുകെട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
35കാരനായ വില്യംസൺ ട്വന്റി20യിൽ കൂടുതൽ കാലം തുടരുമോയെന്ന സന്ദേഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ആസ്ട്രേലിയക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽനിന്ന് കെയ്ൻ വിട്ടുനിന്നിരുന്നു. പിന്നാലെ, പരിക്കുകാരണം ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിലും കളിച്ചില്ല.
93 ഇന്റർനാഷനൽ ട്വന്റി20 മത്സരങ്ങളിൽ ന്യൂസിലൻഡിന്റെ കുപ്പായമിട്ട കെയ്ൻ, 33.44 ശരാശരിയിൽ 2,575 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 18 അർധസെഞ്ച്വറികളുടെ അകമ്പടിയോടെയാണിത്. ആറു വിക്കറ്റുകളും രാജ്യാന്തര ട്വന്റി20യിൽ താരത്തിന്റെ പേരിലുണ്ട്. 93 കളികളിൽ 75ലും ന്യൂസിലൻഡിന്റെ നായകനായിരുന്നു കെയ്ൻ എന്നതാണ് ശ്രദ്ധേയം. 2021ൽ വില്യംസൺ നയിച്ച ടീം ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നിർഭാഗ്യകരമായാണ് കിരീടത്തിലെത്താതെ പോയത്. 2016ലും 2022ലും കെയ്നിന്റെ ക്യാപ്റ്റൻസിയിൽ കിവീസ് സെമിഫൈനലിലെത്തിയിരുന്നു.
2011 ഒക്ടോബർ 15ന് സിംബാബ്വെക്കെതിരെ ഹരാരെയിൽ നടന്ന മത്സരത്തിലാണ് രാജ്യാന്തര ട്വന്റി20യിലെ അരങ്ങേറ്റം. 2024 ജൂൺ 17ന് പാപുവ ന്യൂ ഗിനിക്കെതിരെയാണ് അവസാനമായി ന്യൂസിലൻഡിനുവേണ്ടി ട്വന്റി20 കളിച്ചത്.
‘വളരെക്കാലമായി ഈ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അതുനൽകിയ ഓർമകൾക്കും അനുഭവങ്ങൾക്കും ഞാൻ ഏറെ നന്ദിയുള്ളവനാണ്’ - വില്യംസൺ പറഞ്ഞു. എനിക്കും ടീമിനും ഇത് ശരിയായ സമയമാണ്. ട്വന്റി20 ലോകകപ്പ് എന്ന അടുത്ത പ്രധാന ലക്ഷ്യത്തിലേക്ക് ചുവടുവെക്കുന്ന ടീമിന് ഇത് കൂടുതൽ വ്യക്തത നൽകും. ട്വന്റി20യിൽ ന്യൂസിലൻഡിനുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കാൻ കഴിയുന്ന ധാരാളം പ്രതിഭകളുണ്ട്. അവരെ അതിനായി ഒരുക്കിയെടുക്കുകയെന്നതിന് ഇനിയുള്ള ഘട്ടം ഏറെ പ്രധാനമാണ്’ -വില്യംസൺ വിശദീകരിച്ചു.
105 ടെസ്റ്റിലും 175 ഏകദിനങ്ങളിലും വില്യംസൺ കിവീസിനുവേണ്ടി ഇതുവരെ കളത്തിലിറങ്ങി. ഡിസംബറിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ക്രീസിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.