ചാമ്പ്യൻസ് ട്രോഫി തോൽവി; ജോസ് ബട്ലർ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായക പദവി ഒഴിഞ്ഞു

ലണ്ടൻ: ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് പുറത്തായതിനു പിന്നാലെ ഇംഗ്ലണ്ട് വൈറ്റ് ബാൾ ക്രിക്കറ്റ് നായക പദവി ഒഴിഞ്ഞ് ജോസ് ബട്ലർ.

ഗ്രൂപ്പ് റൗണ്ടിൽ തുടർച്ചയായി രണ്ടു മത്സരങ്ങളും തോറ്റ് ഇംഗ്ലണ്ട് സെമി കാണാതെ പുറത്തായിരുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തോടെയാണ് ബട്ലർ പദവി ഒഴിയുക. ഇന്ത്യക്കെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. നിലവിൽ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് നായകൻ.

ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യത്തെ മത്സരത്തിൽ ആസ്ട്രേലിയക്കെതിരെയും രണ്ടാമത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാനോടുമാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഇംഗ്ലണ്ട് അവസാനമായി കളിച്ച 21 ഏകദിന മത്സരങ്ങളിൽ 15ഉം പരാജയപ്പെട്ടു. എനിക്കും ടീമിനും ഇതാണ് ശരിയായ സമയമെന്ന് 34കാരനായ താരം പ്രതികരിച്ചു.

ഇയാൻ മോർഗൻ വിരമിച്ചതിനു പിന്നാലെ 2022 ജൂണിലാണ് വൈറ്റ് ബാൾ ക്രിക്കറ്റിന്‍റെ നായക പദവിയിലേക്ക് ബട്ലർ എത്തുന്നത്. ആ വർഷം ഇംഗ്ലണ്ടിന് ട്വന്‍റി20 ലോകകപ്പ് കിരീടം നേടികൊടുത്തു. എന്നാൽ, 2023ലെ ഏകദിന ലോകകപ്പിലും കഴിഞ്ഞവർഷം നടന്ന ട്വന്‍റി20 ലോകകപ്പിലും ഇംഗ്ലണ്ടിന് തിളങ്ങാനായില്ല. 44 ഏകദിനങ്ങളിൽ ടീമിനെ നയിച്ചു. 18 ജയവും 25 തോൽവിയും. ട്വന്‍റി20 ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോഡുണ്ട്. 51 മത്സരങ്ങളിൽ 26 ജയവും 22 തോൽവിയും.

Tags:    
News Summary - Jos Buttler has resigned as England's white-ball captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.