ബുംറയോ ഷഹീൻ അഫ്രീദിയോ, അപകടകാരിയായ പേസർ ആര്? ഗംഭീറിന്‍റെ കിടിലൻ മറുപടി

ലോകകപ്പിലെ ത്രില്ലർ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാകിസ്താൻ മത്സരം ശനിയാഴ്ച മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇരു ടീമും മികച്ച ഫോമിലാണ്. ചെന്നൈയിൽ ആസ്ട്രേലിയയെ ആറും ഡൽഹിയിൽ അഫ്ഗാനിസ്താനെ എട്ടും വിക്കറ്റിന് തോൽപിച്ചാണ് ടീം ഇന്ത്യ എത്തുന്നത്. ആദ്യ കളിയിൽ നെതർലൻഡ്സിനെ 81 റൺസിന് തകർത്ത് തുടങ്ങിയ പാകിസ്താൻ, രണ്ടാം മത്സരത്തിൽ ശ്രീലങ്ക കുറിച്ച കൂറ്റൻ ലക്ഷ്യവും മറികടന്നു.

ലോകകപ്പിലെ ഏറ്റവും വലിയ റൺ ചേസ് വിജയവും പാകിസ്താൻ സ്വന്തമാക്കി. മോദി സ്റ്റേഡിയത്തിൽ ആധുനിക ക്രിക്കറ്റിലെ രണ്ടു മികച്ച പേസർമാരാണ് മുഖാമുഖം വരുന്നത്, ജസ്പ്രീത് ബുംറയും ഷഹീൻ ഷാ അഫ്രീദിയും. ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളറായാണ് ബുംറയെ ഗംഭീർ വിശേഷിപ്പിക്കുന്നത്. ബുംറയും ഷഹീനും തമ്മിൽ വലിയ അന്തരമുണ്ടെന്നും മുൻ ഇന്ത്യൻ ഓപ്പണർ പറയുന്നു.

‘ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ മിച്ചൽ മാർഷിനെ പുറത്താക്കിയ രീതിയും അഫ്ഗാന്‍റെ ഇബ്രാഹിം സദ്രാനെ പുറത്താക്കിയ രീതിയും നോക്കുമ്പോൾ, ലോക ക്രിക്കറ്റിൽ സമ്പൂർണവും അപകടകാരിയുമായ ഒരു ബൗളർ ഉണ്ടെങ്കിൽ അത് ബുംറയാണെന്ന് കാണാനാകും. ബുംറയെയും ഷഹീൻ അഫ്രീദിയെയും നമ്മൾ നേരത്തെ താരതമ്യം ചെയ്തു, ഇന്ന് വലിയ വ്യത്യാസമുണ്ട്’ -ഗംഭീർ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

മത്സരത്തിന്‍റെ എല്ലാ ഘട്ടത്തിലും ഒരുപോലെ പന്തെറിയാനാകുന്ന ഒരു പേസറുണ്ടെങ്കിൽ അത് ബുംറയാണ്. അഫ്ഗാനിസ്താനെതിരായ താരത്തിന്‍റെ നാലു വിക്കറ്റ് പ്രകടനം എല്ലാവരെയും അത്ഭുതപ്പെടുത്തി. ലോകകപ്പിൽ ഇതുവരെ താരം ആറു വിക്കറ്റ് നേടിയെന്നും ഗംഭീർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jasprit Bumrah Or Shaheen Afridi? Gautam Gambhir's Blunt Answer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.