അഹമ്മദാബാദ് : ഐ.പി.എല്ലിലെ ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് വീഴ്ത്തി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളിൽ വാലറ്റക്കാർ ആഞ്ഞുപിടിച്ചെങ്കിലും രാജസ്ഥാൻ ബൗളർമാരുടെ കൃത്യത ഗുജറാത്തിന് തിരിച്ചടിയായി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്റെ തുടക്കം തന്നെ വെടിക്കെട്ടോടെയായിരുന്നു. ഓപ്പണർ യശ്വസി ജെയ്‌സ്വാളും (36 പന്തിൽ 55) ധ്രുവ് ജുറലും (42 പന്തിൽ 75) അർധ സെഞ്ചറികളുമായി കളം നിറഞ്ഞപ്പോൾ രാജസ്ഥാൻ സ്കോർബോർഡ് കുതിച്ചു. അഞ്ച് വീതം സിക്സറുകളും ഫോറുകളും അടങ്ങുന്നതായിരുന്നു ജുറലിന്റെ ഇന്നിങ്സ്. വൈഭവ് സൂര്യവംശി 18 പന്തിൽ 31 റൺസുമായി പിന്തുണ നൽകി. ഗുജറാത്തിനായി കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടി.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിനായി സായ് സുദർശൻ (44 പന്തിൽ 73) ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി രവി ബിഷ്ണോയി രാജസ്ഥാന് മേൽക്കൈ നൽകി. നാല് വിക്കറ്റുകളാണ് ബിഷ്ണോയി കടപുഴക്കിയത്. ജോസ് ബട്ട്ലർ (26), കുമാർ കുശാഗ്ര (18) എന്നിവർക്ക് വലിയ സ്കോറുകൾ കണ്ടെത്താനായില്ല. അവസാന ഘട്ടത്തിൽ റാഷിദ് ഖാനും (24) റബാഡയും (23) ചേർന്ന് വിജയപ്രതീക്ഷ നൽകിയെങ്കിലും ആറ് റൺസ് അകലെ ഗുജറാത്ത് പോരാട്ടം അവസാനിച്ചു. രാജസ്ഥാന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഗുജറാത്തിന് സ്വന്തം തട്ടകത്തിൽ സീസണിലെ മറ്റൊരു തോൽവി കൂടി വഴങ്ങേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.