കശക്കിയെറിഞ്ഞ് ജദേജ; ഇംഗ്ലണ്ടിനെതിരെ റെക്കോഡ് ജയം കുറിച്ച് ഇന്ത്യ

രാജ്ഘോട്ട്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കോഡ് ജയവുമായി ഇന്ത്യ. അഞ്ച് വിക്കറ്റുമായി രവീ​ന്ദ്ര ജദേജ ഇംഗ്ലീഷ് ബാറ്റിങ്ങിനെ എറിഞ്ഞൊതുക്കിയതോടെ 434 റൺസിനായിരുന്നു ഇന്ത്യൻ ജയം. 557 റൺസെന്ന വമ്പൻ വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിങ് നിര വെറും 122 റൺസിന് കൂടാരം കയറുകയായിരുന്നു. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2021ൽ ന്യൂസിലാൻഡിനെതിരെ നേടിയ 372 റൺസ് ജയമായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോഡ്. 41 റൺസ് വഴങ്ങി അഞ്ച് പേരെ മടക്കിയ ജദേജക്ക് പുറമെ കുൽദീപ്‍ യാദവ് രണ്ടും ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

വൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് വൻ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ 15 റൺസുള്ളപ്പോൾ നാല് റൺസുമായി ഓപണർ ബെൻ ഡക്കറ്റ് റണ്ണൗട്ടായി മടങ്ങി. മുഹമ്മദ് സിറാജ് എറിഞ്ഞുകൊടുത്ത പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ സ്റ്റമ്പ് തെറിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ട് മൂന്ന് ​റൺസ് കൂടി ചേർത്തപ്പോഴേക്കും 11 റൺസെടുത്ത മറ്റൊരു ഓപണർ സാക് ക്രോളിയെ ബുംറ വിക്കറ്റിന് മുമ്പിൽ കുടുക്കി.

തുടർന്നെത്തിയ ഒലീ പോപ് (3), ജോ റൂട്ട് (7), ജോണി ബെയർസ്റ്റോ (4) ബെൻ സ്റ്റോക്സ് (15), രെഹാൻ അഹ്മദ് (0) എന്നിവർ കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് സ്കോർ ഏഴിന് 50 റൺസെന്ന ദയനീയ നിലയിലേക്ക് കൂപ്പുകുത്തി. തുടർന്ന് ബെൻ ഫോക്സ് (16), ടോം ഹാർട്ട്‍ലി (16) എന്നിവർ ചേർന്നെടുത്ത 32 റൺസായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സിലെ വലിയ കൂട്ടുകെട്ട്. അവസാന വിക്കറ്റിൽ ജെയിംസ് ആൻഡേഴ്സനെ ഒരുവശത്ത് നിർത്തി മാർക് വുഡ് (15 പന്തിൽ 33) ആളിക്കത്തിയതോടെയാണ് സ്കോർ 100 കടന്നത്. മാർക് വുഡിനെ ജദേജയുടെ പന്തിൽ ജയ്സ്വാൾ പിടികൂടിയതോടെ ഇംഗ്ലണ്ട് ഇന്നിങ്സിനും വിരാമമായി. ജെയിംസ് ആൻഡേഴ്സൺ ഒമ്പത് പന്തിൽ ഒരു റൺസുമായി പുറത്താവാതെ നിന്നു. പത്താം വിക്കറ്റിൽ 22 പന്തിൽ 31 റൺസാണ് ഇരുവരും ചേർന്നെടുത്തത്.  മാർക് വുഡ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് ​സ്കോറർ.

ആദ്യ ഇന്നിങ്സിൽ 445 റൺസെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 319ന് പുറത്തായപ്പോൾ രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ച്വറിയുടെയും ശുഭ്മൻ ഗിൽ (91), സർഫ്രാസ് ഖാൻ (പുറത്താകാതെ 68) എന്നിവരുടെ അർധ സെഞ്ച്വറികളുടെയും മികവിൽ ഇന്ത്യ നാല് വിക്കറ്റിന് 430 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രോഹിത് ​ശർമ (19), രജത് പാട്ടിദാർ (0), കുൽദീപ് യാദവ് (27) എന്നിവരാണ് പുറത്തായ മറ്റു ഇന്ത്യൻ ബാറ്റർമാർ. 

Tags:    
News Summary - Jadeja's stunning form; India's record win against England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.