ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ ഏകദിന ടീമിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെ പരിഗണിച്ചിട്ടും സഞ്ജു സാംസണെ ഉൾപ്പെടുത്താത്തത് നിരാശാജനകവും സങ്കടകരവുമാണെന്ന് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ്. നവംബർ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീമിൽ കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറൽ എന്നീ മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ഇടംപിടിച്ചത്.
ദക്ഷിണാഫ്രിക്കെതിരായ കഴിഞ്ഞ ഏകദിനത്തിൽ സെഞ്ച്വറി നേടിയ സഞ്ജുവിനെ ഒഴിവാക്കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ബദരീനാഥ് ചോദിച്ചു. “ സഞ്ജു സാംസണെ ഓർത്ത് എനിക്ക് വളരെ സങ്കടമുണ്ട്.. കഴിഞ്ഞ ഏകദിനത്തിൽ അദ്ദേഹം സെഞ്ച്വറി നേടി. അദ്ദേഹത്തിന്റെ ഏകദിന ശരാശരി 57 ആണ്. പക്ഷേ അദ്ദേഹത്തിന് ഇന്ത്യൻ ഏകദിന ടീമിൽ ഇടം ലഭിച്ചില്ല. അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
ഋഷഭ് പന്ത് ടീമിലുള്ളത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ധ്രുവ് ജൂറൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സഞ്ജു സാംസണിന്റെ സ്ഥാനത്ത് ഞാനും ഉണ്ടായിരുന്നു. ടീമിൽ നമ്മുടെ പേര് ഉൾപ്പെടുത്താതിരിക്കുന്നതും ചതിക്കപ്പെടുന്നതും കാണുമ്പോഴെല്ലാം വല്ലാത്ത വേദനയാണ്.'- സുബ്രഹ്മണ്യം ബദരീനാഥ്.
ഇന്ത്യയുടെ മുൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയും സഞ്ജുവിനെ പിന്തുണച്ചു. " ഇന്ത്യൻ ഏകദിന ടീമിലെ ഒരാളുടെ പേര് നഷ്ടമായി, സഞ്ജു സാംസൺ. കഴിഞ്ഞ ഏകദിനത്തിൽ അദ്ദേഹം സെഞ്ച്വറി നേടി, ആസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം ഇടം നേടിയില്ലെങ്കിലും, ഈ പരമ്പരയിൽ അദ്ദേഹം ഇടം നേടേണ്ടതായിരുന്നു." അനിൽ കുംബ്ലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.