സെഞ്ച്വറിയടിച്ച കോഹ്ലി 'സെൽഫിഷ്' ആണോ? സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോരാട്ടം, ട്രെൻഡിങ്

കദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യ വിജയിച്ചപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായത് സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ ബാറ്റിങ് മാത്രമല്ല. സിംഗിൾ എടുക്കാമായിരുന്നത് സെഞ്ചുറിക്ക് വേണ്ടി ഒഴിവാക്കിയ കോഹ്ലി സ്വാർത്ഥനാണെന്ന ആരോപണം കൂടിയാണ്. ഓൺലൈനിൽ ViratKohliക്കൊപ്പം ട്രെൻഡിങ്ങാണ് Selfish ടാഗ്.

ഇന്ത്യക്ക് ജയിക്കാൻ 42ാം ഓവറിൽ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. കോഹ്ലിയുടെ റൺസ് അപ്പോൾ 97. ആദ്യ പന്തിൽ റൺസ് പിറന്നില്ല. രണ്ടാമത്തെ പന്തിൽ സിംഗിൾ എടുക്കാമായിരുന്നിട്ടും കോഹ്ലി ഓടിയില്ല. മൂന്നാം പന്ത് സിക്സർ പറഞ്ഞി കോഹ്ലി സെഞ്ചുറി നേടുകയും ചെയ്തു. ഇതാണ് പല ആരാധകരെയും ചൊടിപ്പിച്ചത്.




കോഹ്ലിയെ പോലെ സ്വാർത്ഥനായ ഒരു കളിക്കാരൻ വേറെയില്ല എന്നാണ് ചിലരുടെ കമന്‍റ്. കോഹ്ലി സ്വാർത്ഥനാണെന്നും സിംഗിൾ ഓടാതിരുന്നത് വളരെ മോശമായിപ്പോയെന്നും കമന്‍റേറ്ററും മുൻ ഇന്ത്യൻ താരവുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞതായി പലരും ചൂണ്ടിക്കാട്ടുന്നു. 



എന്നാൽ, കോഹ്ലിയെ പിന്തുണച്ചും ആരാധകരെത്തിയതോടെ സോഷ്യൽ മീഡിയയിൽ പോര് മുറുകി. സ്വന്തം നേട്ടം അവഗണിച്ചും കോഹ്ലി ബാറ്റിങ് കാഴ്ചവെച്ച മത്സരങ്ങളുടെ വിവരവുമായാണ് കോഹ്ലി ആരാധകരുടെ മറുപടി.


ചിലർ സച്ചിൻ തെണ്ടുൽകറെയും കുറ്റപ്പെടുത്തി രംഗത്തെത്തി. സചിൻ സെഞ്ചുറിയടിച്ച മത്സരങ്ങളിൽ, 75ന് ശേഷം 100ലെത്താൻ എടുത്ത പന്തുകളുടെ കണക്കുമായാണ് വിമർശനം. സെഞ്ചുറിക്കായി ഏറെ പന്തുകൾ പാഴാക്കിയ സചിനെ ക്രിക്കറ്റ് ദൈവമെന്ന് വിളിക്കുന്നവരാണ് കോഹ്ലിയെ കുറ്റപ്പെടുത്താൻ വരുന്നതെന്നും കോഹ്ലി ആരാധകർ വിമർശിക്കുന്നു.


ഇന്നത്തെ മത്സരത്തിൽ 97 പന്തിൽ നിന്നാണ് കോഹ്ലി പുറത്താകാതെ 103 റൺസ് നേടിയത്. നാല് സിക്സും ആറ് ഫോറും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ഏകദിനത്തിലെ 48ാമതും അന്താരാഷ്ട്ര കരിയറിലെ 78ാമതും സെഞ്ചുറിയാണ് കോഹ്ലി നേടിയത്.  


Tags:    
News Summary - Is Kohli 'selfish' after scoring a century? A fight broke out on social media, trending

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.